പരിയാരത്ത് 63കാരിയെ കെട്ടിയിട്ട് കവർച്ച; പത്ത് പവൻ സ്വർണാഭരണങ്ങൾ കവർന്നു

കണ്ണൂർ: പരിയാരത്ത് 63കാരിയെ കെട്ടിയിട്ട് വൻ കവർച്ച. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് നാലംഗ മുഖംമൂടി സംഘമാണ് കവർച്ച നടത്തിയത്. വടിവാൾ വീശി ഭീഷണിപ്പെട്ടുത്തി കെട്ടിയിട്ട ശേഷമാണ് സ്വർണം കവർന്നതെന്നാണ് മൊഴി.
ഡോക്ടർ ഷക്കീറും ഭാര്യയും വ്യാഴാഴ്ച രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. വീട്ടിൽ ബന്ധുവും രണ്ട് കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. മുകളിലത്തെ നിലയിലായിരുന്ന കുട്ടികൾ പുലർച്ചെ താഴത്തെ നിലയിലെത്തിയപ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ കാണുന്നത്.
വൃദ്ധയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങളാണ് സംഘം കവർന്നത്. വീട്ടിലെ രണ്ട് മുറികളിൽ മോഷ്ടാക്കൾ കയറിയതായി പൊലീസ് കണ്ടെത്തി.