വര്‍ഷങ്ങളായി സംസ്‌കരിക്കാതെ കിടക്കുന്ന ഖരമാലിന്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

വര്‍ഷങ്ങളായി സംസ്‌കരിക്കാതെ കിടക്കുന്ന ഖരമാലിന്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ദുരന്തം ഒഴിവാക്കാന്‍ 15 കോടി രൂപ ക്ലീന്‍ കേരള കമ്പനിക്ക് അനുവദിച്ചു. ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
മാലിന്യ സംസ്‌കരണം ഇഴഞ്ഞു നീങ്ങുകയും മാലിന്യം കുന്നുകൂടുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പഴകിയതും കുന്നുകൂടി കിടക്കുന്നതുമായ മാലിന്യങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഓഗസ്റ്റ് 23ന് ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. 2023 ഓഗസ്റ്റ് 24 വരെയുള്ള ഖരമാലിന്യങ്ങള്‍ ഇതില്‍ വരും. ഇതോടെ ദുരന്തം കൈകാര്യം ചെയ്യുന്ന വേഗതയില്‍ മറ്റു വകുപ്പുകളുടെ സഹായത്തോടെ മാലിന്യനീക്കം നടത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും.
മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന ദുരന്തം ഒഴിവാക്കാന്‍ 15 കോടി ക്ലീന്‍ കേരള കമ്പനിക്ക് നല്‍കും. ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും ഒറ്റത്തവണ ഗ്രാന്റായിട്ടാണ് തുക അനുവദിച്ചത്. കുമിഞ്ഞുകൂടിയ ഖര മാലിന്യങ്ങള്‍ വേഗത്തിലും ശാസ്ത്രീയമായും കമ്പനി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും തദ്ദേശഭരണ സ്ഥാപനങ്ങളെ ഇതിനായി സഹായിക്കുകയും വേണം. തുക കൈമാറാന്‍ അടിയന്തര നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.