ഷുഹൈബ് വധം: കേരള പോലീസിന്‍റ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം
കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹർജി വിശദവാദം കേൾക്കാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശദവാദം കേൾക്കാൻ മാറ്റിയത്.
കേസിൽ കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശി എന്നിവർ കോടതിയെ അറിയിച്ചു.
എന്നാൽ സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഷുഹൈബിന്‍റെ മാതാപിതാക്കൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ഗിരി, അഭിഭാഷകൻ എം.ആർ.രമേശ് ബാബു എന്നിവർ വാദിച്ചു.തുടർന്നാണ് കേസിൽ വിശദവാദം കേൾക്കേണ്ടതുണ്ടെന്ന് കാട്ടി കോടതി കേസ് മാറ്റിയത്.
ഷുഹൈബിന്‍റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവരാണ് സി.ബി.ഐഅന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നേരത്തെ ഹർജി ഫയൽ ചെയ്തത്.കേസിന്‍റെ എല്ലാ വശങ്ങളും കണക്കിലെടുത്താണ് അന്വേഷണം സിംഗിൾ ബെഞ്ച് സി.ബി.ഐയ്ക്ക് കൈമാറിയതെന്നും എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കിയത് തെറ്റാണെന്നും ഹർജിയിൽ പറയുന്നു.