പൂജ അവധി തിരക്ക്: മംഗളൂരുവിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി പരിഗണനയിൽ

പൂജാവധിയോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ഇപ്പോൾ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രത്യേക സർവീസിന് പുറമേയാണിത്. കോച്ചുകൾ ലഭ്യമായാൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
മംഗളൂരു ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പൂജയ്ക്ക് വൻതിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന തീവണ്ടികൾ നാമമാത്രമാണ്. തിരുവനന്തപുരം ഭാഗത്തേക്ക് കൂടുതൽ തീവണ്ടികൾ സർവീസ് നടത്തുന്നുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
മംഗളൂരുവിലേക്ക് ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ തീവണ്ടികളെയാണ് യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത്. ഈ തീവണ്ടികൾ 16 മണിക്കൂർകൊണ്ട് മംഗളൂരുവിലെത്തും. എഗ്‌മോറിൽനിന്ന് മംഗളൂരുവിലേക്കുള്ള തീവണ്ടിയുടെ യാത്രാസമയം 23.35 മണിക്കൂർ ആണ്. അതിനാൽ യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് മറ്റ് മൂന്ന് തീവണ്ടികളെയാണ്.
ഉത്സവ-അവധിക്കാല തിരക്കുകാലത്ത് യാത്രത്തിരക്ക് കുറയ്ക്കാൻ കൂടുതൽ പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന് യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.