പുതിയ സമയക്രമം; മെമു, പാസഞ്ചർ തീവണ്ടികളുടെ കൃത്യത തകർത്ത് എക്സ്പ്രസ് വണ്ടികൾ

കോട്ടയം: കോട്ടയം വഴി കൃത്യസമയം പാലിച്ച് ഓടിയിരുന്ന പ്രധാനപ്പെട്ട മെമു, പാസഞ്ചർ തീവണ്ടികൾ വെെകിപ്പിച്ച് റെയിൽവേയുടെ പുതിയ സമയക്രമം. സമയക്രമം മാറ്റിയത് കൂടുതൽ പ്രതികൂലമായി ബാധിച്ചത് ഈ തീവണ്ടികളെ ആശ്രയിക്കുന്നവരെയാണ്. മാറ്റം കാരണം ചില തീവണ്ടികൾ നിറയെ യാത്രക്കാരുമായി പോകുന്നു. മറ്റ് ചിലത് തൊട്ടുപിന്നാലെ ആളൊഴിഞ്ഞും ഓടുന്നു.
കൃത്യസമയം പാലിച്ച് ഓടിയിരുന്ന കായംകുളം-എറണാകുളം മെമു (നമ്പർ 16310), കൊല്ലം-കോട്ടയം മെമു (06786), കോട്ടയം-കൊല്ലം (06431) പാസഞ്ചർ തീവണ്ടികളുടെ സമയക്രമത്തെയാണ് മാറ്റം അട്ടിമറിച്ചത്. ഈ തീവണ്ടികളെല്ലാം ഇപ്പോൾ വെെകി ഓടുന്നു. യാത്രക്കാരും കുറഞ്ഞു.
കോട്ടയത്തുനിന്ന് പുലർച്ചെ 5.25-ന് പുറപ്പെട്ടിരുന്ന കൊല്ലം പാസഞ്ചറിന്റെ സമയം ഇപ്പോൾ 5.40 ആണ്. എന്നാൽ, ഈ സമയത്ത് പുറപ്പെടാൻ കഴിയുന്നുമില്ല. പുലർച്ചെ 5.10-ന് കോട്ടയത്തുനിന്ന് പോകേണ്ട പുണെ-കന്യാകുമാരി എക്സ്പ്രസ് (16381) വെെകിയോടുന്നതാണ് കാരണം.
പലപ്പോഴും ഈ വണ്ടി 5.30-ന് ശേഷമാണ് കോട്ടയത്ത് എത്തുന്നത്. പിന്നീട് ഇത് ചിങ്ങവനത്ത് എത്തിയശേഷമേ കൊല്ലം വണ്ടി പുറപ്പെടൂ. പാസഞ്ചറിൽ യാത്ര ചെയ്യേണ്ടവരെല്ലാം കന്യാകുമാരി വണ്ടിയിൽ കയറും. ഇതോടെ ഇതിൽ തിരക്കേറും. കൊല്ലം പാസഞ്ചർ ഒഴിഞ്ഞ ബോഗികളുമായി പുറകേ പോകും.
സെപ്റ്റംബർവരെ കന്യാകുമാരി വണ്ടിയുടെ കോട്ടയത്തെ സമയം രാവിലെ 5.35 ആയിരുന്നു. അന്ന് കൊല്ലം പാസഞ്ചറിന്റെ സമയം 5.25 ആയിരുന്നു. കൃത്യസമയത്തുതന്നെ കൊല്ലം വണ്ടി പുറപ്പെട്ടിരുന്നു. ഇതുതന്നെയാണ് കായംകുളം-എറണാകുളം, കൊല്ലം-കോട്ടയം മെമു വണ്ടികളുടെയും അവസ്ഥ.
ഇവിടെ വില്ലൻ കന്യാകുമാരി-ബെംഗളൂരു ഐലന്റ് എക്സ്പ്രസാണ് (16525). പുതിയ സമയക്രമത്തിൽ 3.10-ന് ചെങ്ങന്നൂരിൽ എത്തേണ്ട ഇൗ വണ്ടിയും വെെകുന്നു. ഇതുകാരണം, 3.20-ന് കായംകുളത്തുനിന്ന് പുറപ്പേടേണ്ട മെമു െെവകും. തൊട്ടുപിന്നാലെ വരുന്ന കോട്ടയം മെമുവും വെെകും.
സെപ്റ്റംബർവരെ എറണാകുളം മെമു മൂന്നുമണിക്കാണ് കായംകുളത്തുനിന്ന് പുറപ്പെട്ടിരുന്നത്. ഇത് കൃത്യസമയം പാലിച്ചിരുന്നു. 3.35-ന്ഐലന്റ് ചെങ്ങന്നൂരിൽ എത്തിയിരുന്നു. 3.52-ന് കോട്ടയം പാസഞ്ചറും ചെങ്ങന്നൂരിൽ എത്തിയിരുന്നു. അന്ന് വെെകി ഓടിയിരുന്നത് ഐലന്റായിരുന്നു.
എന്നാൽ ഇത് മറ്റ് തീവണ്ടി യാത്രക്കാരെ കാര്യമായി ബാധിച്ചിരുന്നില്ല. ഇപ്പോൾ എക്സ്‌പ്രസ് തീവണ്ടികൾ, മെമു, പാസഞ്ചർ തീവണ്ടികൾക്ക് തൊട്ടുമുന്നിൽ ആക്കി. പതിവായി വെെകി എത്തുന്ന ഇവയ്ക്ക് പിന്നാലെയാണ് മെമു, പാസഞ്ചറുകളുടെ ഓട്ടം. ഫലത്തിൽ എക്സ്പ്രസും മെമുവും സമയകൃത്യത ഇല്ലാത്തവയായി.