ഇനി മുതൽ വയനാട്ടിൽ കെട്ടിട നിർമാണത്തിന് കെ.എൽ.ആർ സർട്ടിഫിക്കറ്റ് വേണ്ട

Share our post

വയനാട്: വയനാട്ടിൽ കെട്ടിട നിർമാണത്തിന് ഇനി മുതൽ കെ.എൽ.ആർ സർട്ടിഫിക്കറ്റ് വേണ്ട. ചട്ടത്തിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ രേണുരാജ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂമി കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 81/1 പ്രകാരം ഇളവ് ലഭിച്ചതാണ് എന്ന സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറിമാർ ആവശ്യപ്പെടേണ്ടതില്ല.

വില്ലേജ് ഓഫീസർമാർ, കൈവശ സർട്ടിഫിക്കറ്റിലോ, അല്ലാതെയോ രേഖപ്പെടുത്തി നൽകേണ്ടതുമില്ല. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള കെ.എൽ.ആർ സർക്കുലറുകൾ പിൻവലിച്ചാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്.

കെട്ടിട നിർമാണ അനുമതിക്കായുള്ള അപേക്ഷകളിൽ കെ.എൽ.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് വീട് നിർമാണത്തിനും മറ്റും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതായി പരാതികളും ഉയർന്നു.

ഉദ്യഗസ്ഥർക്ക് സമയ ബന്ധിതമായി ഇക്കാര്യം നിറവേറ്റാനും കഴിയാതെ വന്നു. ഈ സാഹചര്യത്തിലാണ് കെട്ടിട നിർമാണ ആവശ്യങ്ങൾക്ക് ഇളവ് അനുവദിച്ചുള്ള ഉത്തരവ്.ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങൾ, ലാൻഡ് ബോഡ് സെക്രട്ടറിയുടെ നിർദേശം എന്നിവയും കളക്ടർ പരിഗണിച്ചു.

എന്നാൽ, 1963 ലെ ഭൂ പരിഷ്കരണ നിയമം, 67ലെ ഭൂ വിനിയോഗ ഉത്തരവ്, 2008 ലെ തണ്ണീർത്തട സംരക്ഷണ നിയമം എന്നിവ ബന്ധപ്പെട്ട റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഭൂ പരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ച ഭൂമി ഇഷ്ടാനുസരണം മുറിച്ചു വിറ്റും തരം മാറ്റാനുള്ളതല്ലെന്നും ഉത്തരവിൽ കളക്ടർ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!