ആന്‍ഡ്രോയിഡ് ഫോണിന് അപകടകാരിയായ ‘സ്‌പൈ നെറ്റ്’ ആപ്പ്- ഡാറ്റ മൊത്തം ചോർത്തും

Share our post

ആന്‍ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് പലപ്പോഴായി പലവിധ സൈബറാക്രമണങ്ങള്‍ നടക്കാറുണ്ട്. ഇപ്പോഴിതാ അപകടകാരിയായ ‘സ്‌പൈനെറ്റ്’ എന്ന ആന്‍ഡ്രോയിഡ് ആപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷാ കമ്പനിയായ എഫ്-സെക്വര്‍. എസ്എംഎസ് അഥവാ സ്മിഷിങ് ടെക്‌നിക്ക് ഫിഷിങ് വഴിയാണ് ഇ സ്‌പൈ വെയര്‍ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉള്ള ആപ്ലിക്കേഷനല്ല ഇത്. മറിച്ച് ഉപഭോക്താവ് അപകടകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുകയുമാണ് ചെയ്യുക. പ്ലേ സ്റ്റോറില്‍ ഇല്ലാത്ത ആപ്പ് ആയതിനാല്‍ ഇത് ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് സംവിധാനത്തിന്റെ നിരീക്ഷണ പരിധിയില്‍ വരില്ല.
യാതൊരു വിധ തെളിവും വെക്കാതെയാണ് സ്‌പൈനെറ്റ് ആപ്പ് ഫോണില്‍ കടന്നുകയറുക. അതുകൊണ്ടുതന്നെ കണ്ടെത്തുക പ്രയാസം. ആപ്പ് ഹോം സ്‌ക്രീനിലോ റീസെന്റ് ആപ്പ് ലിസ്റ്റിലോ കാണില്ല. ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഉടന്‍ ആപ്പിന് ഫോണിലെ എല്ലാ ഡാറ്റയിലേക്കും പ്രവേശനം ലഭിക്കും. കോള്‍ ലോഗുകള്‍, എസ്എംഎസ്, ഇന്റേണല്‍ സ്‌റ്റോറേജ്, ക്യാമറ ലോഗ്, കോള്‍ റെക്കോര്‍ഡ് ഉള്‍പ്പെടെ ആപ്പിന് ലഭിക്കും. ഈ ആപ്പ് ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ അത് നീക്കം ചെയ്യുന്നത് പ്രയാസമാണ്.
അതിന് ഫോണ്‍ മുഴുവന്‍ റീസെറ്റ് ചെയ്യേണ്ടി വരും. ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്ത് നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും അജ്ഞാത ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കുന്നത് ഇത്തരം ആപ്പുകള്‍ നിലവിലുള്ളതിനാലാണ്. ഏറ്റവും പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഫോണിലെ സുരക്ഷാ അപ്‌ഡേറ്റുകള്‍ എപ്പോഴും ഇന്‍സ്റ്റാള്‍ ചെയ്യണം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!