ഇരിട്ടിയിൽ മാധ്യമ പ്രവർത്തകനെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി

ഇരിട്ടി: ഉപജില്ല ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനെത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടറെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി.കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ പേരാവൂരിലെ ഹൈവിഷൻ ചാനൽ റിപ്പോർട്ടർ തെറ്റുവഴി സ്വദേശി കക്കാടൻകണ്ടി ദീപുവിനെ ഏതാനും അധ്യാപകർ ചേർന്ന് കയ്യേറ്റം ചെയ്തുവെന്നാണ് പരാതി.ബുധനാഴ്ച ഉച്ചക്കാണ് സംഭവം.
ശാസ്ത്ര മേളയ്ക്കെത്തിയ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നൽകാൻ വൈകിയതായും ഇക്കാര്യം ചിത്രീകരിച്ചതുമാണ് വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമെന്നാണ് വിവരം.ദൃശ്യങ്ങൾ പകർത്തിയ ദീപുവിനെ ചില അധ്യാപകർ ചേർന്ന് ഓഫീസ് മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നുവത്രെ.ഇതിനിടെ അധ്യാപകന് മർദ്ദനമേറ്റതായും പ്രചരണമുണ്ടായി.
വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥിതിഗതികൾ ശാന്തമാക്കി.ഇരു വിഭാഗത്തിനും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.