പാലക് ചീര പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍

ചീരയുടെ പോഷകഗുണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പൊതുവേ ചുവന്ന ചീരയാണ് ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിച്ചുകാണുന്നത്. എന്നാല്‍ ചുവന്ന ചീര പോലെ തന്നെ ഔഷധഗുണങ്ങളുള്ള ചീരയാണ് പാലക് ചീര.
വിറ്റാമിനുകളുടെ കലവറയായ ഈ ചീരയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, ഫോളേറ്റ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഇലക്കറി കൂടിയാണിത്.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണപ്രദമായ ഇലക്കറിയാണ് പാലക് ചീര. എപ്പോഴും അസുഖങ്ങളൊഴിയാത്ത ആളുകള്‍ സ്ഥിരമായി പാലക് ചീര കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വിറ്റാമിനുകളായ എ,സി, കെ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ചീരയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ ഇത് നല്ലതാണ്.
കാത്സ്യം, വിറ്റാമിന്‍ കെ, മഗ്‌നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ പാലക് ചീര പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരംക്ഷിക്കും. പതിവായി പാലക് ചീര കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യസംരംക്ഷണത്തിന് നല്ലതാണ്.
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാലക് ചീര വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളാണ് ദഹനത്തിന് ഗുണകരമാകുന്നത്. പൊട്ടാസ്യത്തിന്റെ മികച്ച സ്രോതസുകൂടിയാണ് പാലക് ചീര, ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഗുണം ചെയ്യും.
പാലക് ചീരയുടെ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ഇതുള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)