ഗുസ്തി അറിയാമെങ്കിൽ മാത്രം കയറാം : തീവണ്ടിയിലെ ജനറൽ കോച്ചുകളിൽ ശ്വാസംമുട്ടി യാത്ര

കണ്ണൂർ : നിങ്ങൾക്ക് ഗുസ്തി അറിയാമോ? എങ്കിൽമാത്രം പരശുറാം എക്‌സ്‌പ്രസിലടക്കം കയറാം. തീവണ്ടികളിലെ ജനറൽ കോച്ചിൽ കയറിപ്പറ്റണമെങ്കിൽ ഗുസ്തിപിടിക്കണം. നിറഞ്ഞുനിൽക്കുന്നവരെ ചവിട്ടിയകറ്റണം. അതിൽ ആർക്കും സൗഹൃദമില്ല.
ഇൗ തിരക്കുകണ്ടാൽ യാത്ര വേണ്ടെന്നുവെച്ചുപോകും. പോയേ പറ്റൂ എന്നുള്ളവർ നുഴഞ്ഞുകയറും. ഉള്ളിൽ ചെന്നാൽ പിന്നെ ഇറങ്ങുംവരെ ഒറ്റക്കാലിൽ ഒരു സാഹസിക നിൽപ്പാണ്. പരശുറാം എക്‌സ്‌പ്രസിൽ രാവിലെ കണ്ണൂരിൽനിന്നാണ് തിരക്ക് തുടങ്ങുക.
7.10-ന് കണ്ണൂർ വിട്ടാൽ 7.30-ന് തലശ്ശേരിയിൽ തിരക്കിന്റെ സൂചന കാണാം. 7.50-ന് വടകര എത്തുമ്പോൾ പറയേണ്ട. 8.10-ന് കൊയിലാണ്ടിയിൽ എത്തുമ്പോഴേക്കും നിറഞ്ഞുകവിയും. ശൗചാലയവും മുകളിലെ ലഗേജ് ബർത്തും ഫുള്ളാകും. വാതിൽപ്പടിയാത്ര ഉടൽ വിറയ്ക്കുന്ന കാഴ്ചയാണ്. 8.37-ന് കോഴിക്കോട്ട് എത്തുമ്പോൾ തിക്കും തിരക്കിന്റെയും ഓട്ടമാണ്.
വൈകീട്ട് ഒരുമണിക്കൂറോളം കോഴിക്കോട് പിടിച്ചിട്ട് വെറുപ്പിക്കുന്ന മടക്കയാത്രയും ഇതുപോലെതന്നെ. ഒന്നര ജനറൽ കോച്ചുള്ള നേത്രാവതിയിലെ സ്ഥിതിയും അതികഠിനമാണ്.
തളർന്നുപോകുന്ന യാത്ര
മംഗളൂരു-നാഗർകോവിൽ പരശുറാമിൽ ലേഡീസ് കോച്ചിൽ യാത്രചെയ്യവെ യാത്രക്കാരി കുഴഞ്ഞുവീണത് കൊയിലാണ്ടിക്കടുത്ത് െവച്ചാണ്. പ്രാഥമികശുശ്രൂഷപോലും നൽകാനാകാത്ത തിരക്കിൽ രണ്ടുതവണ അപായച്ചങ്ങല വലിച്ചു. മംഗളൂരു-ചെന്നൈ മെയിലിലെ ജനറൽ കോച്ചിൽ നഴ്‌സിങ് വിദ്യാർഥിനി പയ്യന്നൂരിൽ കുഴഞ്ഞുവീണത് മറ്റൊരു സംഭവമാണ്.
മലബാറിലെ യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന തീവണ്ടിയാണ് പരശുറാം എക്‌സ്‌പ്രസ്. ഇടയ്ക്കിടെ കോച്ചുകൾ കുറയ്ക്കുന്നതിനെതിരേ പ്രതിഷേധമുണ്ടാവുകയും യാത്രക്കാർ കോടതിയെവരെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ബ്രേക്ക് വാൻ ഉൾപ്പെടെ 21 കോച്ചുകളാണുള്ളത്. അത് 23 ആക്കാം. 22 കോച്ചുവരെ ഉണ്ടായിരുന്നു. അത് പക്ഷേ, പിൻവലിച്ചു. നാഗർകോവിൽ പ്ലാറ്റ്‌ഫോം സൗകര്യമില്ലെന്ന കാരണത്താലായിരുന്നു അത്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഭീകരയാത്രയാണെന്ന് സ്ഥിരം യാത്രക്കാർ പറഞ്ഞു.