സന്ദേശം ആദ്യം പങ്കുവെച്ചതാര്? വിവരങ്ങള്‍ ചോദിക്കാൻ സര്‍ക്കാര്‍; സ്വകാര്യത ലംഘനമെന്ന് വാട്‌സാപ്പ്

Share our post

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. എന്നാല്‍ വലിയ രീതിയില്‍ വ്യാജ വാര്‍ത്തകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും ഡീപ്പ് ഫേക്കുകളും തട്ടിപ്പ് സന്ദേശങ്ങളും വാട്‌സാപ്പ് വഴി പങ്കുവെക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ വ്യാജ പ്രചാരണങ്ങള്‍ പലപ്പോഴും ആ തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്.

2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വാട്‌സാപ്പിലെ ഡീപ്പ് ഫേക്ക് സന്ദേശങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. വാര്‍ത്തകള്‍ ശരിയെങ്കില്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ സന്ദേശങ്ങള്‍ ആരാണ് ആദ്യം പങ്കുവെച്ചത് എന്ന് അറിയിക്കാന്‍ വാട്‌സാപ്പ് നിര്‍ബന്ധിതരാവും. ഇത് വ്യവസ്ഥ ചെയ്യുന്ന നിയമ വഴികള്‍ സര്‍ക്കാര്‍ തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ നീക്കം ഉപഭോക്താവിന്റെ സ്വകാര്യതയെ ഇല്ലാതാക്കുമെന്നാണ് മെറ്റ പറയുന്നത്. രണ്ട് പേര്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ കമ്പനിക്ക് പോലും ലഭ്യമല്ലെന്ന് മെറ്റ പറയുന്നു.

രാഷ്ട്രീയ നേതാക്കളുടെയും മറ്റും ഡീപ്പ് ഫേക്ക് വീഡിയോകള്‍ വാട്‌സാപ്പില്‍ പങ്കുവെക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ലെ ഐടി നിയമം അനുസരിച്ച് ഈ വീഡിയോകള്‍ ആദ്യം പങ്കുവെച്ചത് ആരാണെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഉത്തരവിടാനാവും.

ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള പക്ഷപാതിത്വമല്ല. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെ ഡീപ്പ് ഫേക്കുകള്‍ ഇവിടെ ചോദ്യം ചെയ്യുപ്പെടുന്നുണ്ട്. നിരവധി നേതാക്കളുടെ ഡീപ്പ് ഫേക്കുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് ഇന്ത്യയുടെ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് സന്ദേശങ്ങളുടെ ഉറവിടം എവിടെയാണെന്ന് (ഫസ്റ്റ് ഒറിജിനേറ്റര്‍) അന്വേഷിച്ച് വാട്‌സാപ്പിന് നോട്ടീസയക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുമ്പ് 2021 ല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ മെറ്റ ഡെല്‍ഹി ഹെക്കോടതിയെ സമീപിച്ചിരുന്നു. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും കൂട്ട നീരീക്ഷണത്തിലേക്ക് നയിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇത് വാട്‌സാപ്പിന്റെ സാധാരണ പ്രവര്‍ത്തനത്തെയും സാധാരണ ഉപഭോക്താക്കളെയും ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സ്വകാര്യതയ്ക്കായി പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് കോളുകള്‍ ചെയ്യുമ്പോള്‍ അവരുടെ ഐപി അഡ്രസ് മറച്ചുവെക്കാനാവും. ഇതുവഴി തട്ടിപ്പുകാരില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം ലഭിക്കും. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ ഫീച്ചര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്‌സാപ്പ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യം ഉള്ളത്. താമസിയാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിച്ചേക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!