കാഴ്ചക്കാരുടെ മനം നിറച്ച് വൈറ്റ് കെയ്ൻ മാർച്ച്

കണ്ണൂർ: വെള്ളത്തൊപ്പി ധരിച്ച്, വെള്ള വടി പിടിച്ച് അവർ നഗരം ചുറ്റി. കണ്ടുനിന്നവരുടെ കണ്ണിലെ കൗതുകം കാണാൻ പക്ഷേ അവർക്കായില്ല. ലോക വെള്ള വടി ദിനാചരണത്തോടനുബന്ധിച്ചു കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും (കെഎഫ്ബി) ലയൺസ് ഇന്റർനാഷനൽ ക്ലബ്ബും ചേർന്നു സംഘടിപ്പിച്ച ‘വൈറ്റ് കെയ്ൻ’ മാർച്ചാണ് കാഴ്ചക്കാരുടെ കണ്ണും മനവും ഒരുപോലെ നിറച്ചത്. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെമിനാറും പൊതുസമ്മേളനവും കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.
കെ.എഫ്ബി ജില്ലാ നിർവാഹക സമിതിയംഗം കെ.സുധീഷ്, അസി.പ്രഫ. എം.ശിവദാസൻ, അസി.പ്രഫ. കെ.പി.മണി, കെ.എഫ്ബി ജില്ലാ പ്രസിഡന്റ് ടി.ചിത്ര, കസ്തൂരി ദേവൻ തുടങ്ങിയവർ സെമിനാറുകൾക്കു നേതൃത്വം നൽകി. കെ.എഫ്ബി ജില്ലാ പ്രസിഡന്റ് എം.എം.സാജിദ് അധ്യക്ഷനായി.
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ.രജീഷ് മുഖ്യാതിഥിയായി. കെഎഫ്ബി സെക്രട്ടറി ടി.എൻ.മുരളീധരൻ, ജോയിന്റ് സെക്രട്ടറി കെ.പി.അബ്ദുല്ല, നിർവാഹകസമിതിയംഗം കെ.വിജയൻ, രജിത കുമാരി, കെ.വി.കൃഷ്ണൻ, പ്രകാശൻ കാണി, എം.വിനോദ് കുമാർ, ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.