റോഡിലും ട്രെന്റായി ‘വന്ദേഭാരത് ‘

ചെറുപുഴ: റെയിൽവേ യാത്രക്കാർക്ക് വന്ദേഭാരത് അനുഗ്രഹമായതിനു പിന്നാലെ മലയോരത്തെ റോഡുകൾ കീഴടക്കാനും ‘വന്ദേഭാരത് ‘ സർവീസ് ആരംഭിച്ചതിന്റെ ആവേശത്തിലാണ് ഇവിടുത്തെ ജനങ്ങൾ. ഇളം നീലയ്ക്ക് മുകളിൽ ഇരുപുറവും വെള്ള വരകളോട് കൂടിയ വന്ദേഭാരതിന്റെ അഴകും സ്റ്രൈലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
എന്നാൽ മണിക്കൂറിൽ 110-120 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന മലയോരത്തെ വന്ദേഭാരതിനാകില്ല. പയ്യന്നൂർ-പുളിങ്ങോം റൂട്ടിൽ കഴിഞ്ഞയാഴ്ച സർവീസ് ആരംഭിച്ച പുതിയ ബസാണിത്. മുൻ ഗ്ലാസിൽ മഞ്ഞ അക്ഷരത്തിൽ മലയാളത്തിൽ വന്ദേഭാരത് എന്നെഴുതിയിരിക്കുന്നതിനൊപ്പം വശങ്ങളിൽ ഹിന്ദിയിൽ വെള്ള അക്ഷരത്തിലും പേരെഴുതിയിട്ടുണ്ട്.
വിവിധ ബസുകളുടെ ഉടമകളായ സുഭാഷ്, സണ്ണി, സജി എന്നിവർ ചേർന്നാണ് വന്ദേഭാരത് ബസ് നിരത്തിലിറക്കിയിരിക്കുന്നത്. നിലവിൽ പയ്യന്നൂർ-പുളിങ്ങോം റൂട്ടിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന വന്ദേഭാരതിനു പുറമേ, പുതിയ പെർമിറ്റ് ലഭിക്കുന്നതോടെ ചെറുപുഴ-തയ്യേനി-വെള്ളരിക്കുണ്ട്-മാലോം റൂട്ടിലും സേവനം ആരംഭിക്കും.
ചെറുപുഴ-തയ്യേനി റൂട്ടിലും, ചെറുപുഴ-മാലോം റൂട്ടിലും ബസുകൾ കുറവാണ്. അതുകൊണ്ടു തന്നെ പുതിയ ബസിന്റെ വരവ് നാട്ടുകാർക്ക് ഉപകാരമായിരിക്കുകയാണ്. രാവിലെ 8.20ന് ചെറുപുഴയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് വൈകിട്ട് 5.50ന് ചെറുപുഴയിൽ തന്നെ സർവീസ് അവസാനിപ്പിക്കും.
ഇതിനിടയിൽ മുകളിൽ പറഞ്ഞ റൂട്ടുകളിലെല്ലാം കൂടി 210 കിലോമീറ്റർ സഞ്ചരിക്കും.വന്ദേഭാരത് ട്രെയിൻ വന്നപ്പോൾ ദീർഘദൂര യാത്രക്കാരുടെ യാത്രാ പ്രതിസന്ധിക്ക് പരിഹാരമായെങ്കിൽ വന്ദേഭാരത് ബസ് ഗതാഗത സംവിധാനത്തിന്റെ കുറവ് മൂലം കഷ്ടപ്പാട് അനുഭവിക്കുന്ന മലയോരത്തിന് ആശ്വാസമാവുകയാണ്.
വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ സേവനം ആരംഭിച്ചതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വയനാട്ടിൽ ഇതേ പേരിൽ ഒരു ബസ് സർവീസ് നടത്തുന്നുണ്ട്. അങ്ങനെയാണ് ഞങ്ങളും ആ പേരിലേക്ക് എത്തിയത്.ബസ് ഉടമകൾ