കോട്ടയിൽ-കുണ്ടേരിപ്പൊയിൽ പാലം നിർമാണം പൂർത്തിയായി

ചിറ്റാരിപ്പറമ്പ് : മാലൂർ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായി. ഇതോടെ പുഴയുടെ ഇരുപ്രദേശങ്ങളിലും താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളുടെ വർഷങ്ങളായുള്ള യാത്രപ്രശ്നങ്ങൾക്കും പരിഹാരമാകും.
ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് രണ്ടാംവാർഡിനെയും മാലൂർ പഞ്ചായത്ത് പത്താം വാർഡിനെയും വേർതിരിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ പാലം പണിയണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു. 4.94 കോടി രൂപ ചെലവിട്ടാണ് കോട്ടയിൽ-കുണ്ടേരിപ്പൊയിൽ പാലം നിർമിച്ചത്.
എട്ടുമാസംകൊണ്ട് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും പണി പൂർത്തിയാക്കി. അനുബന്ധ റോഡിന്റെ ടാറിങ്ങാണ് ഇനി ബാക്കിയുള്ളത്. കോട്ടയിൽ ഭാഗത്തുനിന്ന് പാലത്തിലേക്ക് 90 മീറ്റർ നീളത്തിലാണ് അനുബന്ധ റോഡ് നിർമിച്ചത്. 10 മീറ്റർ വീതിയിൽ ഇരുവശവും കരിങ്കൽ കെട്ടി ഉയർത്തുകയും ചെയ്തു.
കുണ്ടേരിപ്പൊയിൽ ഭാഗത്ത് 119 മീറ്റർ നീളത്തിലാണ് അനുബന്ധ റോഡ് നിർമിച്ചത്. പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ഇരുവശങ്ങളിലുമുള്ള സംരക്ഷണഭിത്തികളുടെ നിർമാണവും പൂർത്തിയായി.
ദൂരംകുറഞ്ഞ എളുപ്പവഴി
കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ നിലവിലുള്ള ഒരു മീറ്റർ വീതിയുള്ള തകർന്ന കോൺക്രീറ്റ് നടപ്പാലമാണ് വർഷങ്ങളായി പുഴ കടക്കാനുള്ള നാട്ടുകാരുടെ ഏക ആശ്രയം.
കാൽനടയാത്രക്കാർക്കും ബൈക്കുകൾക്കും മാത്രമാണ് ഇതുവഴി കടന്നു പോകാനാവുക. പുഴ കരകവിഞ്ഞൊഴുകുമ്പോൾ യാത്രചെയ്യാനുമാവില്ല.
പുഴയുടെ ഇരുകരകളിലും ടാർ റോഡും ബസ് സർവീസും വർഷങ്ങളായി നിലവിലുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവർക്ക് വാഹനത്തിൽ മറുകരയിലെത്താൻ നിലവിൽ ആറുകിലോമീറ്റർ ദൂരം ചുറ്റിസഞ്ചരിക്കണം. പാലത്തിന്റെ പണി പൂർത്തിയായതോടെ ചിറ്റാരിപ്പറമ്പ്-മാലൂർ-ശിവപുരം-മട്ടന്നൂർ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.
60 മീറ്റർ നീളം
നിലവിലുള്ള കോൺക്രീറ്റ് നടപ്പാലത്തിന് സമീപത്തായാണ് പുതിയ പാലം നിർമിച്ചത്. 60 മീറ്ററാണ് പുതിയ പാലത്തിന്റെ നീളം. 20 മീറ്ററിന്റെ മൂന്ന് സ്പാനുകളാണ് പാലത്തിനുള്ളത്. പത്തുമീറ്റർ വീതിയുള്ള പാലത്തിന് ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 2023 മാർച്ചിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് നിർമാണപ്രവൃത്തി ഉദ്ഘാടനംചെയ്തത്. 2023 ഒക്ടോബറിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനായിരുന്നു കരാറുകാരനുമായുള്ള കരാർ.