സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രിയരഞ്ജന്‍ ഇനി വാഹനം ഓടിക്കില്ല

Share our post

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് തീരുമാനം. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‍പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

വാഹനമിടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയെന്ന ക്രൂരകൃത്യം നടത്തിയ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് എന്നന്നേക്കുമായി റദ്ദാക്കണമെന്ന ശുപാര്‍ശയാണ് അന്വേഷണം നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് വാഹനം ഉപയോഗിച്ച് നടത്തിയ ഹീനമായ കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞു. പുളിങ്കോട് ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാര്‍, കുട്ടി സൈക്കിളില്‍ കയറിയപ്പോള്‍ മുന്നോട്ടെടുത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

പത്ത് ദിവസങ്ങള്‍ക്ക് ശേഷം പ്രിയരഞ്ജനെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയത്.

നിസ്സാരമായ വിഷയത്തിന്റെ പേരിൽ കുട്ടിയോട് പ്രിയരഞ്ജന്‍ വലിയ പക വെച്ചുപുലര്‍ത്തിയിരുന്നു എന്ന കാര്യം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. പൂവച്ചൽ സ്വദേശിയാണ് പ്രതിയായ പ്രിയര‍ഞ്ജൻ. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്.കാട്ടാക്കട ചിന്മയാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട ആദിശേഖർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!