ഓട്ടോറിക്ഷ കത്തിയത് സി.എൻ.ജി ടാങ്ക് റോഡിലുരഞ്ഞ് തീപടർന്ന്; ബസ് ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: കതിരൂർ ആറാംമൈലിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തിയത് സി.എൻ.ജി. ടാങ്ക് റോഡിലുരഞ്ഞ് തീപടർന്നാണെന്ന് അഗ്നിരക്ഷാസേനയുടെ പരിശോധനയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ കൊളവല്ലൂരിലെ പി. അഭിലാഷ് (35), യാത്രക്കാരൻ പി. ഷജീഷ് (36) എന്നിവരാണ് മരിച്ചത്.
ബസിടിച്ച് ഓട്ടോ മറിഞ്ഞതോടെ ഡ്രൈവറുടെ സീറ്റിനടിയിൽ ഘടിപ്പിച്ച സി.എൻ.ജി. സിലിൻഡറിന്റെ വാൾവ് റോഡിലുരഞ്ഞു പൊട്ടി ഗ്യാസ് ചോർന്നു. വാൾവ് റോഡിൽ തട്ടിയപ്പോഴുണ്ടായ തീപ്പൊരി ഉടനെ ഗ്യാസിൽ പടരുകയും ചെയ്തു. കണ്ണൂരിൽനിന്നുള്ള ഫൊറൻസിക് സംഘവും ശനിയാഴ്ച രാവിലെ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.
സി.എൻ.ജി. സുരക്ഷാ കവറില്ല
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയ്ക്ക് സി.എൻ.ജി. സുരക്ഷാകവറില്ലെന്ന് കണ്ടെത്തി. റോഡിൽ മറിഞ്ഞുവീണപ്പോൾ സി.എൻ.ജി. ഗ്യാസ് ടാങ്കിന്റെ വാൾവ് പൊട്ടാൻ ഇതിടയാക്കി. ഇതോടെയാണ് ഗ്യാസ് ചോർന്നത്. തലശ്ശേരിയിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അഗ്നിരക്ഷാസേനാ ഓഫീസർ ഷിനിത്തിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
എൻഫോഴ്സ്‌മെന്റ് വിഭാഗം റിപ്പോർട്ട് നൽകി
സംഭവത്തിൽ മോട്ടോർ വാഹന എൻഫോഴ്സ്‌മെന്റ് വിഭാഗം ട്രാൻസ്പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ബസ് അമിതവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു.
ഓട്ടോഡ്രൈവറുടെ സീറ്റിനടിയിലെ ഇന്ധന ടാങ്കിന്റെ വാൾവ് റോഡിൽ തട്ടി തകർന്ന് തീപ്പൊരിയുണ്ടായി. ഇതോടെ ടാങ്ക് ലീക്കായി ഗ്യാസ് പുറത്തുവന്ന് തീ ആളിപ്പടരുകയായിരുന്നു-റിപ്പോർട്ടിൽ പറയുന്നു.
കതിരൂർ ആറാംമൈലിൽ ബസിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് തീപിടിച്ചതിനെത്തുടർന്ന് വെന്തുമരിച്ച ഓട്ടോഡ്രൈവർ പാറാട് കണ്ണങ്കോട്ടെ പിലാവുള്ളതിൽ അഭിലാഷിനും കൂടെയുണ്ടായിരുന്ന അയൽവാസി പിലാവുള്ളതിൽ ഷജീഷിനും നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ശനിയാഴ്ച തലശ്ശേരി ജനറൽ ആസ്പത്രിയിൽ മൃതദേഹപരിശോധനയ്ക്കുശേഷം ഉച്ചയോടെയാണ് രണ്ടുപേരുടെയും മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് പുറപ്പെട്ടത്.
പാനൂർ എലാങ്കോട് വൈദ്യർപീടികയിൽ നിന്ന് വിലാപയാത്രയായി 12.45-ഓടെ പാറാട് ടൗണിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിനാളുകൾ ഒരുനോക്കുകാണാൻ എത്തിയിരുന്നു. തുടർന്ന് ആദ്യം അഭിലാഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അഭിലാഷിനൊപ്പം യാത്രപോയ സുഹൃത്തും അയൽവാസിയുമായ ഷജീഷിന്റെ മൃതദേഹം 1.50-ഓടെ വീട്ടിലെത്തിച്ചു. രണ്ടിടങ്ങളിലും കണ്ണങ്കോട് ദേശത്തെയും പരിസരങ്ങളിലയും ജനങ്ങൾ ഒഴുകിയെത്തിയിരുന്നു.
കെ.പി. മോഹനൻ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, പനോളി വത്സൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ, കെ. ധനഞ്ജയൻ, പി. ഹരീന്ദ്രൻ, എം. സുരേന്ദ്രൻ, പി. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം കെ.കെ. പവിത്രൻ, സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. സാജു ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, കെ.ഇ. കുഞ്ഞബ്ദുള്ള, ഹിന്ദു ഐക്യവേദി നേതാവ് പ്രേമൻ കൊല്ലമ്പറ്റ, പഞ്ചായത്ത് പ്രസിഡന്റ് കെ. ലത, വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഇ. വിജയൻ, ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഷൈറീന, വാർഡ് അംഗം അഷ്കർ അലി തുടങ്ങി ജനപ്രതിനിധികളും നേതാക്കളും ഇരുവരുടെയും വീടുകളിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
കതിരൂർ : ബസ് ഓട്ടോയിലിടിച്ച് ഓട്ടോ കത്തി ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ച സംഭവത്തിൽ എം ഫോർ സിക്‌സ് ബസിന്റെ ഡ്രൈവർ ചിറ്റാരിപ്പറന്പ് മള്ളന്നൂർ സുബിൻ നിവാസിൽ മൊടപ്പനക്കുന്ന് സുബിൻ അത്തിക്കയെ (32) കതിരൂർ പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ സുബിന് ജാമ്യം ലഭിച്ചു.
വെള്ളിയാഴ്ച അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടം നടന്ന ആറാംമൈൽ മൈതാനപ്പള്ളിയിൽ കണ്ണൂരിൽനിന്നുള്ള ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. അതിനുശേഷം ഓട്ടോ സ്റ്റേഷനിലേക്ക് മാറ്റി. ബസ് വെള്ളിയാഴ്ച തന്നെ സ്റ്റേഷൻവളപ്പിലേക്ക് മാറ്റിയിരുന്നു.