സംസ്ഥാന സ്‌കൂൾ കായികോത്സവം തിങ്കളാഴ്ച മുതല്‍; 3000-ലേറെ താരങ്ങള്‍ പങ്കെടുക്കും

Share our post

തിരുവനന്തപുരം: മൂവായിരത്തിലേറെ കായിക താരങ്ങൾ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവം തിങ്കളാഴ്ച കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ തുടങ്ങും. രാത്രിയും പകലുമായി നാലു ദിവസമാണ് മത്സരങ്ങൾ.

തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു ഇന്ത്യൻ ഫുട്‌ബോൾ മുൻ ക്യാപ്റ്റൻ ഐ.എം. വിജയന് ദീപശിഖ കൈമാറും. മേയർ എം.കെ. വർഗീസ് അധ്യക്ഷനാകും. വൈകീട്ട് അഞ്ചിന് കുന്നംകുളത്ത് ദീപശിഖ പ്രയാണം സമാപിക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് മത്സരങ്ങൾ തുടങ്ങും.

ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. വൈകീട്ട് മൂന്നരയ്ക്ക് കുട്ടികളുടെ മാർച്ച് പാസ്റ്റ്, ദീപശിഖ തെളിയിക്കൽ എന്നിവയുണ്ടാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകും.

തിങ്കളാഴ്ച ബഥനി സെയ്ന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് രജിസ്‌ട്രേഷൻ. 14 ജില്ലകൾക്കും പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. 98 ഇനങ്ങളിലാണ് മത്സരങ്ങൾ. രാവിലെ ആറരയ്ക്ക് തുടങ്ങി രാത്രി എട്ടരയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഒഫീഷ്യൽസ്, ടീം മാനേജേഴ്‌സ്, പരിശീലകർ എന്നിങ്ങനെ 350 പേർ ഉണ്ടാകും.

മത്സരത്തിന് എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്‌പോർട്‌സ് സ്‌പെസിഫിക് വൊളന്റിയർമാരായി 60 പേരെ സജ്ജീകരിക്കും. 60 അംഗ മെഡിക്കൽ സംഘവും ആംബുലൻസുകളും തയ്യാറാക്കിയിട്ടുണ്ട്. 15 സ്‌കൂളുകളിലാണ് വിദ്യാർഥികൾക്കുള്ള താമസ സൗകര്യം. യാത്രയ്ക്ക് 20 ബസുകളുണ്ടാകും.

20-ന് വൈകീട്ട് നാലിന് സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹിമാൻ സമ്മാനദാനം നടത്തും. മന്ത്രി ആർ. ബിന്ദു അധ്യക്ഷയാകും. സംഘാടകസമിതി ചെയർമാൻ എ.സി. മൊയ്തീൻ എം.എൽ.എ., സംസ്ഥാന സ്‌പോർട്‌സ് ഓർഗനൈസർ എൽ. ഹരീഷ് ശങ്കർ, വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ എം.കെ. ഷൈൻ മോൻ, എ.സി.പി. സി.ആർ. സന്തോഷ്, നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!