പ്ലാസ്റ്റിക് ബാഗുകൾ കളം പിടിക്കുമ്പോൾ പേപ്പർബാഗുമായി ശ്രീജ കടക്കെണിയിൽ

Share our post

കണ്ണൂർ:നിരോധിത പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരം പേപ്പർബാഗുകൾ കളം പിടിക്കുമെന്ന ധാരണയിൽ നിർമ്മാണ യൂനിറ്റാരംഭിച്ച ധർമ്മടം അണ്ടലൂരിലെ എം.ശ്രീജ ചെന്നുപെട്ടത് കടക്കെണിയിൽ .പ്ലാസ്റ്റിക്ക് മുക്ത നാടിനായ് നാട്ടുകാരും കച്ചവടക്കാരും കൂടെ ഉണ്ടാവുമെന്ന ധാരണയിൽ പ്രിന്റിംഗ് പ്രസിലെ ജോലി വിട്ടാണ് ഇവർ പേപ്പർ ബാഗ് നിർമ്മാണവ്യവസായത്തിലേക്ക് കാലെടുത്ത് വെച്ചത്.

മൂന്ന് വർഷം മുമ്പ് ധർമ്മടം കാനറാ ബാങ്കിൽ നിന്ന് 5,50,000 രൂപ വായ്പ എടുത്താണ് സംരംഭം തുടങ്ങിയത്. പരിശീലനത്തിനൊന്നും പോകാതെ മാർക്കറ്റിൽ നിന്ന് വാങ്ങിയ ബാഗുകളുടെ നിർമ്മാണം സ്വയം മനസ്സിലാക്കിയാണ് ശ്രീജ തുടങ്ങിയത്.സ്‌ക്രീൻ പ്രിന്റിംഗ് ജോലി അറിയാവുന്നതിനാൽ ആകർഷകമായി തന്നെ പേപ്പർബാഗ് നൽകാമെന്നതായിരുന്നു കണക്കുകൂട്ടൽ. പ്രോത്സാഹിപ്പിക്കേണ്ട സംരംഭമായിട്ടും വായ്പയിൽ സബ് സിഡിയൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ല.

അണ്ടലൂർ ക്ഷേത്രത്തിന് സമീപത്തെ മേക്കിലേരി വീട്ടിനോടനുബന്ധിച്ച് ഒരുക്കിയ ചെറിയ പണിപ്പുരയിലാണ് കടമെടുത്ത് ഈ സംരംഭക സൗപർണിക എന്ന പേരിൽ പേപ്പർ നിർമ്മാണ യൂനിറ്റ് തുടങ്ങിയത്.ടെക് സ്‌റ്റൈൽ ബാഗുകൾ, ബേക്കറി കവറുകൾ എന്നിവയാണ് ഇവിടെ കൂടുതൽ നിർമ്മിക്കുന്നത്.ഭർത്താവ് പ്രമോദും മകൻ അതുലും സഹായത്തിനുണ്ടായിരുന്നു.

ഇവർക്ക് പുറമെ നാല് കുടുംബശ്രീ അംഗങ്ങളും കൂടെ കൂടി. ശ്രീജ നല്കുന്ന ഓർഡറുകൾക്ക് അനുസരിച്ച് തങ്ങളുടെ വീടുകളിൽ നിന്ന് ബാഗ് നിർമ്മിച്ചു കൈമാറുന്ന ജോലിയായിരുന്നു അവർക്ക്.നിരോധിത പ്ലാസ്റ്റിക്കിനെതിരായ പ്രചരണം തുടങ്ങിയ ആദ്യഘട്ടത്തിൽ എല്ലാ കച്ചവടക്കാരും പ്പേപ്പർ ബാഗുകൾ വലിയ തോതിൽ വാങ്ങിയിരുന്നു.

വൂവൺ പ്ലാസ്റ്റിക്ക് സംബന്ധിച്ച കോടതി വിധിയ്ക്ക് ശേഷമാണ് പേപ്പർ ബാഗുകൾക്ക് കഷ്ടകാലം തുടങ്ങിയതെന്ന് ശ്രീജ പറയുന്നു.ടെക്സ്‌റ്റൈൽ ബാഗുകൾക്ക് ഇപ്പോൾ തീരെ ആവശ്യക്കാരില്ല.ബേക്കറി കവറുകൾക്കും ആവശ്യക്കാർ കുറഞ്ഞു.കോയമ്പത്തൂരിൽ നിന്ന് പേപ്പർ വരുത്തിയാണ് ശ്രീജ പേപ്പർ നിർമ്മിക്കുന്നത്.ഈ രീതിയിൽ പോയാൽ താൻ കടക്കെണിയിൽ വീഴാൻ അധികമൊന്നും താമസമില്ലെന്നാണ് ഈ സംരംഭകയുടെ ആധി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!