പോക്സോ കേസിൽ യുവാവിന് 12 വർഷം തടവും പിഴയും

തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉളിക്കൽ ഓലിക്കൽ ബസ് സ്റ്റാൻഡിന് സമീപത്തെ നിരപ്പിൽ വീട്ടിൽ എൻ. ദീപക്കിനെയാണ് (39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
മൊബൈൽ ഫോൺ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് 2018 ഒക്ടോബറിൽ പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി വഴിയിൽ നിർത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. അന്നത്തെ തളിപ്പറമ്പ് എസ്.ഐ കെ.കെ. പ്രശോഭാണ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.