ആനത്താരയടയ്ക്കും; മാട്ടറയിൽ സൗരോർജവേലി

ഉളിക്കൽ : ഉളിക്കൽ ടൗണിനെ വിറപ്പിച്ചും ഒരാളെ കൊന്നും കാട് കയറിയ ഒറ്റയാന്റെ വഴിയടയ്‌ക്കാൻ വനംവകുപ്പ് വൈദ്യുതിവേലി നിർമിക്കും. കൊമ്പൻ കയറിപ്പോയ മാട്ടറ–പീടികകുന്ന് പുഴക്ക് കുറുകെ സൗര തൂക്കുവേലി പണിയാൻ വനംവകുപ്പ് സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയ്യാറാക്കിത്തുടങ്ങി.
വ്യാഴാഴ്‌ച രാത്രിയാണ് ഒറ്റയാൻ ഉളിക്കൽ ടൗണിൽനിന്ന് മാട്ടറ വാർഡിലേക്ക് കയറിയത്. 11 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് വനപാലകർ ആനയെ കുടക് വനത്തിൽ കയറ്റിയത്. മാട്ടറ വാർഡതിർത്തിയിലെ സൗരവേലി കാട്ടാനയെ കയറ്റിവിടുന്നതിനുവേണ്ടി നിർവീര്യമാക്കിയിരുന്നു.
പുഴക്കരയിൽ നിലവിലുള്ള വേലിക്കടിയിലൂടെ നൂഴ്‌ന്നാണ് ആന കയറിപ്പോയത്. ഈ പഴുതടക്കാൻ വൈദ്യുതി വേലി വികസിപ്പിക്കും. കൂടുതൽ ഉയരത്തിലുള്ള തൂൺ നാട്ടി പുഴക്ക് കുറുകെയുള്ള വേലി വികസിപ്പിക്കാനാണ് നീക്കം. വേലിയില്ലാത്ത കമ്പിപ്പാലം–പീടികക്കുന്ന് ഭാഗത്തെ ഒരു കിലോമീറ്ററിൽ പുതിയ വേലിയും നിർമിക്കും.
എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കി പ്രവൃത്തി ടെൻഡർ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാലാങ്കി ഉൾപ്പെടെയുള്ള വനമേഖലയിലെ സൗരവേലിയുടെ അറ്റകുറ്റപ്പണിയും നടത്തും. ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റർ ബിജു ആന്റണി, ബീറ്റ് ഫോറസ്റ്റർ എം. രഞ്ജിത്, വാച്ചർമാരായ സി.കെ. അജീഷ്, അഖിൽ ബിനോയ്, പ്രസാദ്, എന്നിവരാണ് എസ്റ്റിമേറ്റ് തയ്യാറാക്കാനെത്തിയത്. മാട്ടറ വാർഡംഗം സരുൺ തോമസും ഒപ്പമുണ്ടായി.