പ്രൈമറിതലത്തിൽ അക്ഷരവും അക്കവും ഉറപ്പിക്കാൻ ഗുണമേന്മാ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രൈമറിതലത്തിൽ കുട്ടികൾക്ക് അക്ഷരവും അക്കവും ഉറയ്ക്കണമെന്ന പഠനലക്ഷ്യം പാളിയതിനാൽ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂട്ടാൻ പ്രത്യേക പരിപാടിയുമായി സർക്കാർ. ഇതിനായി ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി’ എന്നപേരിലുള്ള ത്രിവത്സര പരിപാടിക്ക് വിദ്യാഭ്യാസവകുപ്പ് മാർഗരേഖ തയ്യാറാക്കി.
ഏഴുവരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികളും പാഠ്യപദ്ധതി വിഭാവനം ചെയ്തതനുസരിച്ച് ഭാഷ-ഗണിതശേഷി ആർജിച്ചെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ക്ലാസ്-സ്‌കൂൾ തലങ്ങളിൽ വിദ്യാർഥികളെയും അധ്യാപകരെയും പിന്തുണയ്ക്കാൻ മെന്റർമാരെ നിയോഗിക്കാനാണ് നിർദേശം.
ആദ്യഘട്ടത്തിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളെ പരിഗണിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ഈ വർഷം പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കും. ഇതിനായി ഒരു തദ്ദേശസ്ഥാപനത്തിൽ ഒരു എൽ.പി. സ്‌കൂളും ഒരു യു.പി. സ്‌കൂളിനോടു ചേർന്നുള്ള എൽ.പി. വിഭാഗവും നിശ്ചയിക്കണം.നാലാംക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളിലും പ്രായോഗികത കണക്കാക്കി അടുത്തവർഷം അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലും പദ്ധതി വ്യാപിപ്പിക്കും.
അടുത്ത അധ്യയനവർഷം പ്രീ-സ്‌കൂളുകളെക്കൂടി പരിഗണിക്കാമെന്നും മാർഗരേഖ നിർദേശിച്ചു. വിദ്യാകിരണം മിഷൻവഴി നടപ്പാക്കുന്ന പദ്ധതിക്ക് സമഗ്രശിക്ഷാ കേരള(എസ്.എസ്.കെ.)ത്തിനാണ് നിർവഹണച്ചുമതല.
പഠനലക്ഷ്യത്തിലെ പാളിച്ചകൾ
2021-ലെ ദേശീയ വിദ്യാഭ്യാസനേട്ട സർവേയിൽ ഗുണനിലവാരത്തിൽ മുന്നേറാനായില്ല
അടിസ്ഥാനഭാഷ-ഗണിതശേഷി നേടാൻ കഴിയാത്തവരിൽ ഏറെയും സാമൂഹിക-സാമ്പത്തിക-ആരോഗ്യ-വൈകാരിക
പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2021-22ൽ നടത്തിയ പെർഫോമൻസ് ഗ്രേഡ് ഇൻഡക്‌സിൽ ഒന്നിൽനിന്നും രണ്ടാം
ശ്രേണിയിലേക്കു പിന്തള്ളപ്പെട്ടു
കോവിഡ് കാലത്തെ പഠനവിടവുകൾ ഇനിയും പൂർണമായി നികത്താനായിട്ടില്ല
നിർവഹണം ഇങ്ങനെ
അക്കാദമിക മാസ്റ്റർ പ്ലാൻ
സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ്
അധ്യാപകർക്ക് പ്രത്യേക പരിശീലനം
വർഷത്തിൽ മൂന്നുഘട്ട വിലയിരുത്തൽ
രക്ഷിതാക്കളെ സജ്ജരാക്കാൻ പ്രത്യേക പരിപാടി
കുട്ടികളുടെ പ്രകടനവേദി ഉൾപ്പെടെയുള്ള പിന്തുണാസംവിധാനങ്ങൾ