യുവജനങ്ങൾക്കിടയിൽ വിവാഹപൂര്‍വ കൗണ്‍സലിങ് അനിവാര്യമെന്ന് വനിതാ കമ്മീഷന്‍

Share our post

കൊച്ചി : യുവജനങ്ങൾക്കിടയിൽ വിവാഹപൂർവ കൗൺസലിങ് അനിവാര്യമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ വനിതാ കമീഷൻ ജില്ലാ അദാലത്തിൽ ആദ്യദിവസത്തെ പരാതികൾ തീർപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അവർ.

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ഇരുവരും കൗൺസലിങ്ങിന് വിധേയമായിട്ടുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്‌കൂടി സമർപ്പിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്താനുള്ള നിർദേശം കമീഷൻ സർക്കാരിന് നൽകി. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ വിമുഖതയുള്ള മക്കൾക്കെതിരെ നിരവധി പരാതികളാണ് ലഭിക്കുന്നത്. സിനിമ ഷൂട്ടിങ്ങിനിടെ വൈദ്യുതാഘാതമേറ്റ് പരിക്കേറ്റ സ്ത്രീയുടെ തുടർചികിത്സ സംബന്ധിച്ച പരാതി, ചികിത്സാ ചെലവ്‌ നിർമാതാവ് വഹിക്കണമെന്ന തീരുമാനത്തിൽ പരിഹരിച്ചു. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വഞ്ചിച്ച് പണം തട്ടിയെന്ന പരാതിയിൽ എതിർകക്ഷി പണം കമീഷനുമുമ്പാകെ തിരികെ നൽകി.

59 പരാതികളിൽ 15 എണ്ണം തീർപ്പാക്കി. നാലെണ്ണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ബാക്കി അടുത്ത അദാലത്തിലേക്ക്‌ മാറ്റി. അദാലത്ത് വെള്ളിയാഴ്ചയും തുടരും. കമീഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമ്മൻ മത്തായി എന്നിവരും പരാതികൾ പരിഗണിച്ചു. ഡയറക്ടർ ഷാജി സുഗുണൻ, വനിതാ കമീഷൻ കൗൺസലർ ടി.എം. പ്രമോദ്, ആൽബിറ്റ മേരി അവറാച്ചൻ, കൊച്ചി സിറ്റി വനിതാ സെൽ എ.എസ്‌.ഐ ടി. നിഷമോൾ എന്നിവരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!