പഞ്ചായത്തുകളിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ്; കെട്ടിട നിർമ്മാണത്തിൽ ഗുരുതര ചട്ട ലംഘനം

വിവിധ പഞ്ചായത്തുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരംകാസർകോട് വിജിലൻസ് ഡി.വൈ.എസ്. പി യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കാസർകോട് ജില്ലയിൽ ചെങ്കള, മധൂർ, തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ വിജിലൻസ് ഡി.വൈ.എസ്.പി വി. കെ വിശ്വംഭരൻ നായർ, വിജിലൻസ് ഇൻസ്പെക്ടർ കെ.സുനുമോൻ പി.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ വിവിധ അപാകതകൾ കണ്ടെത്തി.
ഇത്തരം നിർമ്മാണങ്ങളിൽ പഞ്ചായത്തുകൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുന്നതായും വിജിലൻസ് സ്ഥിരീകരിച്ചു. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയുടെയും അസി. എൻജിനിയറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് ഈ രീതിയിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത്.
കുറ്റകാരായ ഉദ്യോഗസ്ഥർക്കെതിരെ പരിശോധനയുടെ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയരക്ടർക്ക് സമർപ്പിക്കും.കെട്ടിട നിർമ്മാണത്തിലെ ക്രമക്കേടുകൾ ഇങ്ങനെ
* പഞ്ചായത്ത് അനുമതി തേടാത്ത നിർമ്മാണം
* പ്രധാന പാതകളിലേക്ക് പോലും കയറിയുള്ള നിർമ്മാണം
* പാർക്കിംഗ് ഏരിയ, റാമ്പ് , മഴവെളള സംഭരണി തുടങ്ങിയവയില്ലാതെ നിർമ്മിച്ച ബഹുനിലകൾ
* പാർക്കിംഗ് ഏരിയ കച്ചവടത്തിന് ഉപയോഗിക്കുന്നു
* ഒന്നു രണ്ടു വർഷങ്ങൾക്ക് ശേഷം അനുമതിയുമില്ലാതെ കൂടുതൽ നിലകൾ പണിയുന്നത്