ഇന്ന് ലോക മുട്ടദിനം : കണ്ണൂർ ജില്ലയിൽ പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്നത്‌ ആറ് കോടി മുട്ട

Share our post

കണ്ണൂർ : ജില്ലയിൽ പ്രതിവർഷം ആറുകോടി മുട്ടയുൽപ്പാദിപ്പിച്ച്‌ അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി. ജില്ലയുടെ ഗ്രാമീണ ജനതയുടെ വരുമാനം ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണത്തിനും മുതൽക്കൂട്ടായ പദ്ധതി തുടർച്ചയായ 28 വർഷം പിന്നിടുകയാണ്‌. മൃഗസംരക്ഷണ വകുപ്പ്‌ ജനകീയാസൂത്രണ പദ്ധതി വഴി നടപ്പാക്കുന്ന പദ്ധതിയിൽ എകദേശം നാലുലക്ഷം കോഴികളെയാണ്‌ വളർത്തുന്നത്‌. ഒരു കോഴിക്ക്‌ പ്രതിവർഷം 150 മുട്ട കണക്കിൽ ആറുകോടി മുട്ടകളാണ്‌ ഉൽപാദിപ്പിക്കുന്നത്‌. 

ജനകീയാസൂത്രണത്തിന്റെ ഭാഗമായി 1996ലാണ്‌ പദ്ധതി തുടങ്ങിയത്‌. 130 രൂപ വിലവരുന്ന കോഴികളെ പല പഞ്ചായത്തുകളും സൗജന്യമായാണ്‌ കർഷകർക്ക്‌ നൽകുന്നത്‌. 45 ദിവസം പ്രായമായതും രോഗപ്രതിരോധ കുത്തിവയ്‌പ്‌ നൽകിയതുമായ ഏകദേശം ഒന്നരലക്ഷം മുട്ടക്കോഴി കുഞ്ഞുങ്ങളെ പ്രതിവർഷം വിതരണം ചെയ്യുന്നുണ്ട്‌. പദ്ധതിക്കായുള്ള കോഴികളെ ഉൽപ്പാദിപ്പിക്കുന്നത്‌ മുണ്ടയാട്ടെ മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിലാണ്‌. പ്രതിവർഷം ഇവിടെ അഞ്ച്‌ ലക്ഷത്തോളം ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നു. ഇതിൽ രണ്ടരലക്ഷത്തോളം കുഞ്ഞുങ്ങൾ അതിജീവിക്കും. ഇതിൽ ഒന്നരലക്ഷം കുഞ്ഞുങ്ങളെ എഗ്ഗർ നഴ്‌സറികൾ വഴി വിതരണം ചെയ്യും. ബാക്കി ഒരു ലക്ഷം കുഞ്ഞുങ്ങളെ മൃഗാശുപത്രി വഴി ആളുകൾക്ക്‌ സബ്‌സിഡിയില്ലാതെ നൽകും.

മുണ്ടയാട്‌ കേന്ദ്രത്തിനു കീഴിൽ 18 എഗ്ഗർ നഴ്‌സറികളാണുള്ളത്‌. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ 45 മുതൽ 60 ദിവസം വരെ വളർത്തിയാണ്‌ വിതരണത്തിന്‌ പാകമാക്കുന്നത്‌. 

80 ശതമാനം കുഞ്ഞുങ്ങൾ അതിജീവിച്ചാൽ ഏകദേശം മൂന്നുകോടി മുട്ടകളാണ്‌ ഗ്രാമങ്ങളിൽ ഉൽപാദിപ്പിക്കുന്നത്‌. എട്ടു രൂപ വില ലഭിക്കുകയാണെങ്കിൽ 24 കോടിയുടെ ഉൽപ്പാദനമാണ്‌ ജില്ലയിൽ ഈ പദ്ധതി വഴിയുണ്ടാകുന്നത്‌. ജില്ലയുടെ ആഭ്യന്തര മുട്ട ഉൽപ്പാദനം സ്ഥായിയായി നിലനിർത്താൻ സാധിക്കുന്നുണ്ടെന്ന്‌ മുണ്ടയാട്‌ മേഖല കോഴി വളർത്തൽ കേന്ദ്രം അസി. ഡയറക്ടർ (പോൾട്രി) ഡോ. പി. ഗിരീഷ്‌ കുമാർ പറഞ്ഞു. ഒരു കോഴിയുടെ ലാഭകരമായ ഉൽപാദന കാലാവധി ശരാശരി ഒരു വർഷമാണ്‌. അതിനാൽ പദ്ധതി എല്ലാ വർഷവും ആവർത്തിച്ചു നടപ്പാക്കുന്നത്‌ മുട്ട ഉൽപാദന നിരക്ക്‌ മാറ്റമില്ലാതെ തുടരാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിക്കണം ഒരു വർഷം 180 മുട്ട

കണ്ണൂർ

മുതിർന്ന ഒരു മനുഷ്യൻ ആരോഗ്യകരമായ ജീവിതത്തിന്‌ പ്രതിവർഷം ഏറ്റവും ചുരുങ്ങിയത് 180 മുട്ടകളെങ്കിലും കഴിക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിർദേശിക്കുന്നു. കുട്ടികൾ വർഷത്തിൽ ചുരുങ്ങിയത് 90 മുട്ടകളെങ്കിലും കഴിക്കണം. 

മുട്ടയുൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്‌. 1950-–- 51 കാലഘട്ടത്തിൽ 1.83 ബില്യൺ മാത്രമായിരുന്ന രാജ്യത്തിന്റെ വാർഷിക മുട്ടയുൽപാദനം 2021-–-22 കാലഘട്ടത്തിൽ 129.6 ബില്യണായി ഉയർന്നു. പ്രതിശീർഷ മുട്ടകളുടെ ലഭ്യത പ്രതിവർഷം അഞ്ചിൽനിന്ന് 95 വരെ ഉയർന്നു. കോവിഡ് കാലത്ത്‌ കാർഷിമേഖല പ്രതിസന്ധിയിലായെങ്കിലും മുട്ടയുൽപ്പപാദനമുന്നേറ്റത്തിന് തടസ്സമുണ്ടായില്ല. തമിഴ്നാടും തെലങ്കാനയും ആന്ധ്രാപ്രദേശും ഹരിയാനയും പശ്ചിമ ബംഗാളുമാണ് രാജ്യത്തെ മുട്ടയുൽപ്പാദനത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്.

‘ആരോഗ്യകരമായ ഭാവിക്ക് കോഴിമുട്ട ശീലമാക്കാം’ – എന്നതാണ് ഈ വർഷത്തെ മുട്ട ദിനാചരണത്തിന്റെ പ്രമേയമായി ഇന്റർനാഷണൽ എഗ്ഗ് കമീഷൻ തെരഞ്ഞെടുത്തത്‌. പോഷകങ്ങളുടെ പവർ ഹൗസ് എന്ന്‌ അറിയപ്പെടുന്ന മുട്ട കുട്ടികൾ മുതൽ പ്രായമായവർവരെയുള്ളവർക്ക്‌ ഉറപ്പുവരുത്തുന്ന ആരോഗ്യഗുണങ്ങൾ ഏറെ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!