തലശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

തലശേരി: നാരങ്ങാപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ നിറച്ച് പണം നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ജീവനക്കാരനെ അക്രമിച്ച കേസില്‍ എരഞ്ഞോളി ചോനാടത്തെ ഓട്ടോ ഡ്രൈവറെ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റില്‍.
ഇപ്പോള്‍ താഴെ ചൊവ്വയില്‍ താമസിക്കുന്ന ചോനാടം കുന്നുമ്മല്‍ വീട്ടില്‍ ഫര്‍സിന്‍ ഇസ്മയിലാണ് ( 25 ) ബുധനാഴ്ച്ച രാവിലെ അറസ്റ്റിലായത്. പുതിയ ബസ്റ്റാന്റിനടുത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനായ പുന്നോല്‍ സ്വദേശി പി.കെ. രജീഷിന്റെ (38) പരാതിയിലാണ് അറസ്റ്റ്.
ഈക്കഴിഞ്ഞ ചൊവാഴ്ച രാത്രി എട്ടേമുക്കാലിനാണ് പെട്രോള്‍ പമ്പില്‍ അക്രമമുണ്ടായത്. ഡീസല്‍ അടിച്ച പണത്തിനായി ചോദിച്ചതിനെ തുടര്‍ന്ന് ജീവനക്കാരനും ഫര്‍സീനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഫര്‍സീന്‍ വാഹനത്തിലുണ്ടായിരുന്ന സ്പാനര്‍ കൊണ്ടു ജീവനക്കാരനായ രജീഷിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
എന്നാല്‍ തനിക്ക് നേരെയുളള അക്രമം രജീഷ് സ്റ്റുളുകൊണ്ടു തടയാന്‍ ശ്രമിക്കുതായുളള സി.സി.ടി.വി ദൃശ്യവും പൊലിസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ഫര്‍സീന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു.