ഭയക്കണം ഇടിമിന്നലിനെ; സ്വീകരിക്കാം മുൻകരുതലുകൾ

കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ റോഡിൽ ഉൾപ്പെടെ വിള്ളൽ രൂപപ്പെട്ട സാഹചര്യത്തിൽ ഇടിമിന്നലിൽ നിന്നും സുരക്ഷ നേടാനുള്ള വഴികളറിയാം. ഏലപ്പീടികയിൽ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ ഇടിമിന്നലിൽ ഏലപ്പീടിക – മലയാംപടി റോഡാണ് വിണ്ടുകീറിയത്. സമീപത്തെ വീടിനും കേടുപറ്റി.
ഇവ ശ്രദ്ധിക്കാം
കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ മുൻകരുതലെടുക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണം എന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
* ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിന് ഉള്ളിലേക്ക് മാറുക.
* ജനലും വാതിലും അടച്ചിടുക. ഇവയുടെ അടുത്ത് നിൽക്കാതിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്.
* ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
* ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.
* മരച്ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യരുത്.
* ഇടിമിന്നലുള്ള സമയത്ത് വാഹനത്തിന് അകത്ത് തന്നെ തുടരുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ഒഴിവാക്കുക.
* ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക
*പട്ടം പറത്തുന്നത് ഒഴിവാക്കുക, വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടാതിരിക്കുക.
* നിലത്താണങ്കിൽ പാദങ്ങൾ ചേർത്ത് വെച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്ത് പോലെ ഇരിക്കുക.
* കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുത് ഉപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
* മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല. അതിനാൽ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്.