നാലു പേര്‍ക്ക് ജീവിതം നല്കി കനിവിന് കാത്തുനില്‍ക്കാതെ വിഷ്ണു യാത്രയായി

ശ്രീകണ്ഠപുരം: നാലു പേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് നാടിനെയാകെ സങ്കടത്തിലാക്കി വിഷ്ണു യാത്രയായി. ഏരുവേശി പുപ്പറമ്പ് കുരിശുപള്ളിക്കു സമീപം താമസിക്കുന്ന വിഷ്ണു ഷാജി(22)യാണ് സുമനസ്സുകളുടെ കനിവിന് കാത്തുനില്‍ക്കാതെ യാത്രയായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായിരുന്നു. കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിഷ്ണുവിനായി നാട്ടുകാർ കൈകോര്‍ത്ത് ചികിത്സക്കും മറ്റുമായുള്ള തുക കണ്ടെത്തുന്നതിനിടെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവല്‍ ചെയര്‍മാനും എം.ഡി രാധാമണി കണ്‍വീനറുമായ ചികിത്സ സഹായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
ഇതിനിടെയാണ് നാലു പേർക്ക് ജീവിതം തിരികെ നല്കി വിഷ്ണു വിടവാങ്ങിയത്. വിഷ്ണുവിന്റെ പിതാവ് ഷാജിയുടെ സമ്മതപ്രകാരമാണ് ഹൃദയവും കരളും ഇരുവൃക്കകളും ദാനം ചെയ്തത്. സംസ്ഥാന സര്‍ക്കാറിന്റെ മൃതസഞജീവനി പദ്ധതി പ്രകാരമാണ് അവയവമാറ്റം നടന്നത്. മാതാവ്: ചാലങ്ങോടന്‍ സജന. ഏക സഹോദരി പി. നന്ദന. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് പൂപ്പറമ്പിലെ വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചക്ക് 12ന് പൂപ്പറമ്പ് പൊതു ശ്മശാനത്തില്‍.