ബസിൽ കുഴഞ്ഞു വീണ സ്ത്രീക്ക് രക്ഷകരായി തൊഴിലാളികൾ

വെള്ളോറ : ബസിൽ കുഴഞ്ഞു വീണ സ്ത്രീയുടെ രക്ഷകരായി ബസ് ഡ്രൈവറും കണ്ടക്ടറും. കോയിപ്രയിലെ എം.പി. ഖദീജ (61)യാണ് ശ്രീനിധി ബസിൽ യാത്ര ചെയ്യുമ്പോൾ കുഴഞ്ഞു വീണത്. ഉടൻ ബസ് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് വിട്ടു. ബുധനാഴ്ച രാവിലെ 7.20-നാണ് കോയിപ്രയിൽ നിന്ന് എം.പി. ഖദീജയും ഭർത്താവ് എം.വി. അബ്ദുൾ ഖാദറും പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ശ്രീനിധി ബസിൽ കയറിയത്.
ഭർത്താവ് അബ്ദുൾ ഖാദറിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഡോക്ടറെ കാണിക്കാനായിരുന്നു യാത്ര. ബസ് കണ്ടോന്താറിൽ എത്തിയപ്പോൾ എം.പി. ഖദീജ ബസിനകത്ത് കുഴഞ്ഞുവീണു. ഉടനെ ബസ് കണ്ടക്ടർ ഏര്യം സ്വദേശി കെ. വിനീഷ്, ഡ്രൈവർ പാണപ്പുഴ മൂടേങ്ങ സ്വദേശി ബിജീഷിനെ വിവരമറിയിച്ചു. ഉടനെ ഡ്രൈവർ ബസ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് എത്തിച്ചു.
യാത്രക്കാരടക്കമുള്ള ബസ് കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തി. ഖദീജയെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. പിന്നീട് വാർഡിലേക്ക് മാറ്റി. തുടർന്നാണ് യാത്രക്കാരെ കണ്ടോന്താറിലും ചന്തപ്പുരയിലും കടന്നപ്പള്ളിയിലും പിലാത്തറയിലും ഇറക്കിയത്. നിരവധി കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന സി.കെ. ഗംഗാധരന്റെ ബസാണ് ‘ശ്രീനിധി’. പ്രദേശത്ത് നിരവധി കാരുണ്യ യാത്രകളും നടത്തിയിട്ടുണ്ട്. ബസിൽ മുതിർന്ന പൗരൻമാർക്ക് സൗജന്യയാത്രയും ഏർപ്പെടുത്തിയിരുന്നു.