ഉളിക്കലിനെ വിറപ്പിച്ച കാട്ടാന കാട് കയറി; മടക്കം കർണാടക വനത്തിലേക്ക്

ഇരിട്ടി: ഉളിക്കൽ ടൗണിനെ വിറപ്പിച്ച കാട്ടാന ഒടുവിൽ കാട്ടിലേക്ക് മടങ്ങി. കർണാടക വനമേഖലയിലേക്കാണ് മടങ്ങുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. ആന ഉൾവനത്തിലെത്തും വരെ നിരീക്ഷണമുണ്ടാകുമെന്ന് കണ്ണൂർ ഡി.എഫ്.ഒ പറഞ്ഞു.
കാടിറങ്ങിയ കാട്ടാന മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ആനയിറങ്ങിയതിനാൽ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആനയെ കണ്ട് പേടിച്ചോടിയ ആറ് പേർക്ക് പരിക്കേറ്റു. വിരണ്ടോടുമോ എന്ന ആശങ്കയിൽ ആനയെ കശുമാവിൻ തോട്ടത്തിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചിരുന്നു. ആനയെ ഓടിക്കാൻ മൂന്ന് റൗണ്ട് പടക്കം പൊട്ടിക്കുകയും ചെയ്തു. രാത്രി മുഴുവൻ പ്രദേശത്ത് തങ്ങിയ ആന പുലർച്ചെ പീടികക്കുന്ന് വഴി കർണാടക വനമേഖലയിൽ പ്രവേശിച്ചു.