പറ്റിപ്പെന്ന് മാത്രമല്ല പിടിച്ചുപറിയും, റെയിൽവേയുടെ ക്രൂരത ശനിയും, ഞായറും

Share our post

തിരുവനന്തപുരം: ആർ.എ.സി (റിസർവേഷൻ എഗൻസ്റ്റ് ക്യാൻസലേഷൻ) ഓവർ ബുക്കിംഗ് നടത്തിയശേഷം സ്ളീപ്പർ ക്ലാസ് റിസർവേഷനുള്ള യാത്രക്കാർക്ക് രാത്രി ബർത്ത് നൽകാതെ റെയിൽവേ. സ്ളീപ്പർ ചാർജ് വാങ്ങി ബുക്ക് ചെയ്യുന്ന ആർ.എ.സി ടിക്കറ്റുകൾക്കാണ് സീറ്റ് മാത്രം നൽകുന്നത്. ക്യാൻസലേഷൻ കുറവുള്ള ശനി, ഞായർ ദിവസങ്ങളിലാണ് ഈ പിടിച്ചുപറി.

മംഗലാപുരം തിരുവനന്തപുരം ട്രെയിനുകളിൽ പത്ത് ദിവസം മുമ്പ് റിസർവ് ചെയ്താലും ശനി, ഞായർ ദിവസങ്ങളിൽ 100 ആർ.എ.സി ടിക്കറ്റുകളുണ്ടാകും. ക്യാൻസലേഷനിലൂടെ ബർത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആർ.എ.സി ടിക്കറ്റെടുക്കുക. സ്ളീപ്പർചാർജ് വാങ്ങി നൂറ് യാത്രക്കാരെ ഇരുത്തിക്കൊണ്ടു പോകുമ്പോൾ ഒരു കോച്ചിൽ നിന്നുള്ള അധികവരുമാനമാണ് ലഭിക്കുക.

ഡിവിഷണൽ ഓഫീസിലെ ചില ഉദ്യോഗസ്ഥർ അമിത ലാഭമുണ്ടാക്കി ആളാവാൻ നടത്തുന്ന നടപടിയാണിതെന്നും ആരോപണമുണ്ട്.കഴിഞ്ഞ ഏഴിന് തിരുവനന്തപുരത്തു നിന്ന് 7.25ന് തിരിച്ച മാവേലി എക്സ്പ്രസിൽ (16604) ആർ.എ.സി ടിക്കറ്റുകൾക്ക് സ്ളീപ്പർ അനുവദിക്കാൻ ടി.ടി.ഇയും ഉണ്ടായിരുന്നില്ല. എറണാകുളത്തെത്തിയപ്പോൾ യാത്രക്കാർ മറ്റ് കമ്പാർട്ട്‌മെന്റുകളിൽ ടി.ടി.ഇയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ആർ.പി.എഫിന്റെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ സുരക്ഷാ പ്രശ്നമുണ്ടെങ്കിൽ അടുത്ത സ്റ്റേഷനിൽ പൊലീസിനെ എത്തിക്കാമെന്നായിരുന്നു മറുപടി. 139ൽ വിളിച്ച് അറിയിക്കാനും നിർദ്ദേശിച്ചു. 139ൽ വിളിച്ച് പി.എൻ.ആർ നമ്പർ രേഖപ്പെടുത്തിയപ്പോൾ നന്ദി അറിയിച്ച് കാൾ കട്ടായി.ഇല്ലാത്ത സ്ളീപ്പർ എങ്ങനെ നൽകുമെന്ന് റെയിൽവേഎട്ടിന് മംഗലാപുരത്തു നിന്നുള്ള മാംഗ്ലൂർ എക്സ്പ്രസിൽ (16348) ആർ.എ.സി ടിക്കറ്റെടുത്തവർക്കും രാത്രിയിൽ ബർത്ത് കിട്ടിയില്ല.

രണ്ട് ടി.ടി.ഇമാരെ ബന്ധപ്പെട്ടെങ്കിലും ഇല്ലാത്ത സ്ളീപ്പർ എങ്ങനെ നൽകുമെന്നായിരുന്നു മറുചോദ്യം. മുതിർന്ന പൗരൻമാർക്കുൾപ്പെടെ ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ നിറുത്തലാക്കിയതിനു പിന്നാലെയാണ് ഓവർബുക്കിംഗ് കൊള്ളയടി.

അതേ സമയം, മലബാറിൽ നിന്നുള്ള ജനപ്രതിനിധികളുടെ ആവശ്യപ്രകാരം യാത്രക്കാർക്ക് സീറ്റെങ്കിലും ലഭിക്കാനാണ് 100 ആർ.എ.സി അനുവദിക്കുന്നതെന്നാണ് ഡിവിഷണൽ ഓഫീസിൽ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത്. തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തുന്ന രോഗികളും പ്രായമേറിയവരുമാണ് മംഗലാപുരംതിരുവനന്തപുരം റൂട്ടിൽ മാവേലിയിലും മാംഗ്ലൂർ എക്സ്പ്രസിലും കൂടുതലുമുണ്ടാവുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!