ആദ്യ സ്പൈസസ് പാര്‍ക്ക് തൊടുപുഴയിൽ സജ്ജം; 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Share our post

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ സ്‌പൈസസ് പാർക്ക് തൊടുപുഴ മുട്ടത്ത്‌ സജ്ജമായി. മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്ടിൽ 15.29 ഏക്കറിൽ കിൻഫ്രയാണ്‌ പാർക്ക്‌ ഒരുക്കിയത്‌. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണത്തിനും മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. 14ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക്‌ നാടിന് സമർപ്പിക്കും.

കേന്ദ്ര സർക്കാരിന്റെ എം.എസ് എം.ഇ ക്ലസ്റ്റർ വികസനപദ്ധതിയുടെ ഭാഗമായാണ് പാർക്ക് വികസിപ്പിച്ചത്‌. 2021 ഒക്ടോബറിലാണ്‌ നിർമാണം ആരംഭിച്ചത്. ആഗസ്‌തിൽ പണിപൂർത്തിയായ പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള സ്ഥലത്തിൽ 80 ശതമാനവും എട്ട് വ്യവസായ യൂണിറ്റുകൾക്കായി നൽകി. ബ്രാഹ്മിൺസ് ഫുഡ്സ് (വിപണനം വിപ്രോ), ഡിസി ബുക്‌സ്‌, പരിശുദ്ധം ഗ്രൂപ്പ് എന്നിവർ വ്യവസായ യൂണിറ്റിൽ ഇതിനകം സ്ഥലമെടുത്തു.

ഒമ്പതേക്കറാണ് വ്യവസായ പ്ലോട്ടുകളായി സംരംഭങ്ങൾക്ക് നൽകുന്നത്. മികച്ച റോഡ്, ശുദ്ധജല ലഭ്യത, പ്രത്യേകം വൈദ്യുതി ഫീഡർ ലൈൻ, സംഭരണ സംവിധാനം, സൈബർ കേന്ദ്രം, വിപണന കേന്ദ്രം, കാന്റീൻ, പ്രാഥമിക ശുശ്രൂഷാ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം, സമ്മേളന ഹാൾ, മലിനജലം സംസ്‌കരിക്കുന്ന പ്ലാന്റ്‌, മഴവെള്ള സംഭരണി എന്നിവ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ പത്തേക്കർ സ്ഥലം കിൻഫ്ര വികസിപ്പിക്കും. ഇതിനു പുറമെ ഏഴേക്കർ സ്ഥലത്ത് സുഗന്ധവ്യഞ്ജന മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനും പദ്ധതിയുണ്ട്. കുമളി പുറ്റടിയിലുള്ള സ്പൈസസ് ബോർഡിന്റെ പാർക്കുമായി സഹകരിച്ചാകും ഈ പ്രവർത്തനം. രാജ്യത്ത് സംസ്ഥാന സർക്കാർ വഴി നടപ്പാക്കുന്ന 42 മെഗാ ഫുഡ് പാർക്കുകളിലെ ആദ്യ പാർക്ക്‌ പ്രവർത്തനം തുടങ്ങിയത് കേരളത്തിലാണ്. ഉദ്‌ഘാടനച്ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!