ഉളിക്കലിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം

ഇരിട്ടി : ഉളിക്കലിൽ ആന ഓടിയ വഴിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാം പൊയിൽ സ്വദേശി ജോസിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹം മുഴുവൻ പരിക്കേറ്റ പാടുകളുണ്ട്.
ഇന്നലെ ആന ഏറെ നേരം നിന്ന ഉളിക്കലിലെ പള്ളിപ്പറമ്പിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. ദേഹമാസകലം മുറിവേറ്റ പാടുകൾ ഉള്ളതിനാൽ ആന ചവിട്ടിക്കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ മുതൽ പിതാവിനെ കാണാനില്ലെന്ന് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ആനയിറങ്ങിയ വിവരം അറിഞ്ഞ് പത്തുമണിയോടെയാണ് ജോസ് ഉളിക്കൽ ടൗണിലേക്ക് വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകീട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ അച്ഛനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയിരുന്നതായി സ്ഥലം എം.എൽ.എ പറഞ്ഞു. മകനും ബന്ധുവും സ്ഥലത്ത് എത്തി മൃതദേഹം തിരിച്ചറിഞ്ഞതായും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുന്നതെന്നും എം.എൽ.എ പറഞ്ഞു.
അതേസമയം, ഉളിക്കൽ ടൗണിൽ ഭീതി പരത്തിയ കാട്ടാന തിരിച്ച് കാടു കയറി. രാത്രി മുഴുവൻ പ്രദേശത്ത് തങ്ങിയ ആന പുലർച്ചെ പീടികക്കുന്ന് വഴി കർണാടക വനമേഖലയിൽ പ്രവേശിച്ചു.