വിവിധ മയക്കുമരുന്ന് കേസിൽ യുവാവിന് 24 വര്‍ഷം കഠിനതടവ്

വടകര: ഹാഷിഷ് ഓയില്‍, എം.ഡി.എം.എ., കൊക്കെയ്ന്‍, എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നീ മയക്കുമരുന്നുകളുമായി പിടിയിലായ കേസില്‍ യുവാവിനെ 24 വര്‍ഷം കഠിനതടവിനും രണ്ടരലക്ഷം രൂപ പിഴയടയ്ക്കാനും വടകര എന്‍.ഡി.പി.എസ്. കോടതി ശിക്ഷിച്ചു. കോഴിക്കോട് വെസ്റ്റ് മാങ്കാവ് പന്നിയങ്കര ഫാത്തിമാസില്‍ കെ. ഫസലുവിനെ (35)യാണ് ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം.
വിവിധ വകുപ്പുകളിലായാണ് 24 വര്‍ഷത്തെ ശിക്ഷ വിധിച്ചതെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഇതുപ്രകാരം മൂന്നു വകുപ്പുകളിലെ ശിക്ഷയായ 14 വര്‍ഷം കഠിനതടവ് അനുഭവിക്കണം.
ഈ കേസില്‍ പന്നിയങ്കര കണ്ണഞ്ചേരി പുനത്തില്‍ ദീപക് (33), ബെംഗളൂരു ഗോവിന്ദപുരം ഉമര്‍നഗറില്‍ സഫറുള്ള ഖാന്‍ (51) എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതേവിട്ടു.
2022 മാര്‍ച്ച് 16-നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ പന്നിയങ്കരയിലുള്ള ഫാത്തിമാസ് എന്ന വീട്ടില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ റെയ്ഡില്‍ 1435 ഗ്രാം ഹാഷിഷ് ഓയില്‍, 2.74 ഗ്രാം എം.ഡി.എം.എ., 3.5 ഗ്രാം കൊക്കെയ്ന്‍, 1.52 ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നിവ പിടികൂടിയിരുന്നു.
ബെംഗളൂരു, ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കൂറിയര്‍ വഴി ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സനൂജ് ഹാജരായി.