വന്യമൃഗശല്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം

പേരാവൂർ: മലയോര മേഖലയിലെ മിക്കവാറും പ്രദേശങ്ങൾ വന്യമൃഗശല്യത്താൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുറിച്ച്യ മുന്നേറ്റ സമിതി ജില്ലാ പ്രസിഡന്റ് സി. സതീശൻ ആവശ്യപ്പെട്ടു.
ദിനം പ്രതിയെന്നോണം നിരവധി കർഷകരുടെ കൃഷി നശിപ്പിക്കപ്പെടുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്താൽ പരിക്കുപറ്റുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു.ആക്രമണത്തിൽ പരിക്കേറ്റവർക്കും കൃഷി നാശമുണ്ടായവർക്കും നഷ്ടപരിഹാരം ലഭ്യമാക്കാനും നിരവധി തവണ ഉത്തരവാദപ്പെട്ടവർക്ക് പരാതികൾ നല്കിയിട്ടും യാതൊരു നടപടിയുമില്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുണ്ടയോട് മുതൽ ചെക്യേരി വരെയുള്ള വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കഴിയുന്നവരാണ് വന്യജീവി ശല്യത്തിന്റെ ദുരിതം അനുഭവിക്കുന്നത്.അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.