മലബാറിന്റെ ടൂറിസം: പഴശ്ശി സ്മൃതി മന്ദിരം നവീകരണം തുടങ്ങി

മട്ടന്നൂര്‍ : മട്ടന്നൂർ പഴശ്ശിയിലെ പഴശ്ശി സ്മൃതി മന്ദിരത്തിന്റെ നവീകരണ പ്രവൃത്തി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലബാറിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി കിഫ്ബിയിൽനിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സ്മൃതിമന്ദിരം നവീകരിക്കുന്നത്. പഴശ്ശി കൊട്ടാരത്തിന്റെ കുളവും സമീപപ്രദേശവും ഉൾപ്പെടുത്തിയാണ് നവീകരണ പ്രവൃത്തി നടത്തുക. സ്മൃതി മന്ദിരം, ചരിത്ര ഗവേഷക മ്യൂസിയം, ആംഫി തിയറ്റർ, വിശ്രമകേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഫുഡ് കോർട്ട് എന്നിവ നിർമിക്കും.
കെ.ഐ.ഐ.ഡി.സി.യാണ് നവീകരണ പ്രവൃത്തിയുടെ പദ്ധതിരേഖ തയ്യാറാക്കിയത്. തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഴശ്ശി സ്മൃതി മന്ദിരം നവീകരിക്കുന്നത്. കെ. ഭാസ്‌കരൻ നഗരസഭാ ചെയർമാനായിരിക്കെ 2014ലാണ് പഴശ്ശിരാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ കുളത്തിൽ കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതിമന്ദിരം പണിതത്. 2016ൽ സ്മൃതിമന്ദിരത്തിൽ പഴശ്ശിരാജയുടെ പ്രതിമയും സ്ഥാപിച്ചു. പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ വിവിധ ഏടുകൾ ചുവർചിത്രങ്ങളായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.
സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ട പഴശ്ശിരാജയുടെ ചരിത്രം പുതുതലമുറയ്ക്ക് മനസിലാക്കാവുന്ന തരത്തിലാണ് ചരിത്ര മ്യൂസിയവും സ്മൃതി മന്ദിരവും ഒരുക്കുക. കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷയായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത്, വൈസ് ചെയർമാൻ ഒ. പ്രീത, സ്ഥിരംസമിതി അധ്യക്ഷരായ പി. പ്രസീന, വി.കെ. സുഗതൻ, പി. ശ്രീനാഥ്, കൗൺസിലർമാരായ പി. രാഘവൻ, പി.പി. അബ്ദുള്‍ ജലീല്‍, സി.പി. വാഹിദ, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എൻ.വി. ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം. രതീഷ്, നഗരസഭാ സെക്രട്ടറി എസ്. വിനോദ് കുമാർ, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്മൃതി മന്ദിരം നവീകരിക്കാന്‍ സ്ഥലംവിട്ട് നല്‍കുകയും കിക്ക്ബോക്സിങ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്ത പി.കെ. വിപിനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. പഴശ്ശി ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിയെ സ്വീകരിച്ചത്. വിദ്യാര്‍ഥികളെ മന്ത്രി അഭിനന്ദിച്ചു.