ഇസ്രയേലിലെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഷീജയുടെ വീട് എം.വി. ഗോവിന്ദൻ സന്ദർശിച്ചു

ശ്രീകണ്ഠപുരം : ഇസ്രയേലിലെ അഷ്കിലോണിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ശ്രീകണ്ഠപുരം വളക്കൈയിലെ ഷീജയുടെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയ എം.വി. ഗോവിന്ദൻ ഷീജയുടെ അമ്മ സരോജിനിയെ ആശ്വസിപ്പിച്ചു. എല്ലാം സഹായവും ലഭ്യമാക്കുമെന്നും ഉറപ്പുനൽകി.
കഴിഞ്ഞ ശനിയാഴ്‌ച ഉച്ചക്കാണ് ഷീജ ആനന്ദിന് മിസൈൽ ആക്രമണത്തിൽ പരിക്കേറ്റത്. ശസ്‌ത്രക്രിയക്കുശേഷം ടെല്‍ അവീവിലെ ആശുപത്രിയിൽ കഴിയുന്ന ഷീജയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സുഹൃത്തുക്കൾ വീട്ടിൽ വിളിച്ചറിയിച്ചിരുന്നു.
സി.പി.എം ഏരിയാ സെക്രട്ടറി എം.സി. രാഘവൻ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ തുടങ്ങിയവരും എം.വി. ഗോവിന്ദനൊപ്പമുണ്ടായിരുന്നു.