ലോക്‌സഭയിൽ കേരളത്തിന്റെ ശബ്ദം ദുർബലം -മുഖ്യമന്ത്രി

Share our post

കണ്ണൂർ : ലോക്‌സഭയിൽ കേരളത്തിന്റെ ശബ്ദം വളരെ ദുർബലമാണെന്ന് മുഖ്യമന്ത്രി. കേരളത്തിൽനിന്നുള്ളവരുടെ ശബ്ദം ശക്തമായി ഉയർന്ന കാലമുണ്ടായിരുന്നു. എന്നാലിപ്പോൾ കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻപോലും സാധിക്കുന്നില്ല -മുഖ്യമന്ത്രി പറഞ്ഞു.

ധർമടംമണ്ഡല പര്യടനത്തിന്റെ സമാപനദിവസമായ ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളിൽ നടന്ന എൽ.ഡി.എഫ്. കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ എം.പി.മാർ ചേർന്ന് നിവേദനം നൽകണമെന്ന് എം.പി.മാരുടെ യോഗത്തിൽ തീരുമാനമെടുത്തു. എല്ലാവരും സമ്മതിക്കുകയും ചെയ്തു.

എന്നാൽ നിവേദനത്തിൽ ഒപ്പിടാൻപോലും യു.ഡി.എഫിന്റെ 18 എം.പി.മാരും തയ്യാറായില്ല.ബി.ജെ.പി.യെ പിണക്കേണ്ടെന്നാണ് അവരുടെ തീരുമാനം. പാർലമെന്റിൽ ഉന്നയിക്കേണ്ട നിരവധി സംഭവങ്ങൾ നടന്നു. എന്നാൽ ഒരു നേർത്ത ശബ്ദം പോലും അവരുടെ ഭാഗത്ത് നിന്ന് ഉയർന്നില്ല.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ശശി, എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗമായ എം.സുരേന്ദ്രൻ, സി.പി.ഐ. നേതാവ് സി.എൻ.ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

കോൺഗ്രസ് അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു -മുഖ്യമന്ത്രി

പിണറായി : അപകീർത്തികരമായ കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന എൽ.ഡി.എഫ്. പിണറായി ലോക്കൽ ബഹുജനസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി. നേതൃയോഗത്തിൽ സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്‌ധനായ സുനിൽ എന്നയാൾ എത്തിയത് കോൺഗ്രസ് നേതാക്കളെ പഠിപ്പിക്കാനാണ്. ഇല്ലാക്കഥ പ്രചരിപ്പിക്കണം.

അതിന്റെ അടിസ്ഥാനത്തിൽ വസ്തുതകൾ ഒഴിവാക്കി ഭാവനകൾ നിരത്തി പ്രചരിപ്പിക്കുകയാണ്.

പിണറായി കൺവെൻഷൻ സെന്റർ, പന്തക്കപ്പാറ, പാറപ്രം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ പി. ശശി, എം. സുരേന്ദ്രൻ, സി.എൻ. ചന്ദ്രൻ, പി. ബാലൻ, കെ. ശശിധരൻ, കക്കോത്ത് രാജൻ, സി.എൻ. ഗംഗാധരൻ, കൈപ്പച്ചേരി മുകുന്ദൻ, കെ.കെ. രാഘവൻ, എം. മഹേഷ്‌കുമാർ, കെ.പി. സദു, സി. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.

പാട്ടുകാരി സാഗരിക റിനേഷിന് മുഖ്യമന്ത്രി ഉപഹാരം നൽകി. സി.കെ. റാസി വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രവും ചടങ്ങിൽ കൈമാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!