ആശുപത്രികളിലെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

Share our post

തിരുവനന്തപുരം : ആശുപത്രികളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങൾ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത് എന്ന് ജനങ്ങളിൽ നിന്നും നേരിട്ട് കേൾക്കാനുമാണ് ആശുപത്രികൾ സന്ദർശിക്കുന്നത്.

ആശുപത്രികളിൽ നിന്നുള്ള ഫീഡ്ബാക്ക് ഉൾക്കൊണ്ട് ജനകീയപങ്കാളിത്തത്തോടെ ആർദ്രം മിഷന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

തിരുവനന്തപുരം ജില്ലയിൽ ഒന്നാം ഘട്ടമായി വർക്കല താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. വർക്കലയിൽ വി ജോയ് എംഎൽഎയും ചിറയിൻകീഴ് വി ശശി എം.എൽ.എയും ആറ്റിങ്ങലിൽ ഒ. എസ് അംബിക എം.എൽ.എയും മറ്റ് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

വർക്കല താലൂക്ക് ആശുപത്രിയിൽ 45 കോടിയുടെ കെട്ടിടം ടെൻഡർ നടപടികൾ കഴിഞ്ഞതിനാൽ എത്രയും പെട്ടെന്ന് നിർമ്മാണം ആരംഭിക്കാൻ സാധിക്കും. ആശുപത്രിയുടെ വികസനത്തിന്റെ പ്രധാന ഘട്ടമാണിത്. നിർമ്മാണം പൂർത്തിയാകുന്നതോടെ നിലവിലെ വാർഡുകൾ ഉൾപ്പെടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് സുപ്രധാന തീരുമാനം കഴിഞ്ഞ മന്ത്രിസഭ കൈകൊണ്ടിരുന്നു. 2024 മാർച്ച് മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി പുതിയ ബ്ലോക്കിലേക്ക് മാറുമ്പോൾ മികച്ച സൗകര്യം ലഭ്യമാകും.

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയെ സംബന്ധിച്ചിടത്തോളം അടുത്തഘട്ട വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. ആയിരത്തിലധികം രോഗികൾ ദിവസേന എത്തുന്ന ആശുപത്രിയായതിനാൽ അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങളുണ്ട്. ഡയാലിസിസ് സെന്റർ ഉൾപ്പെടെയുള്ളവ നവംബർ മാസത്തോടെ പ്രവർത്തനസജ്ജമാക്കാനും നിർദേശം നൽകി.

ദേശീയ പാതയുടെ സമീപത്തുള്ള ആശുപത്രിയായതിനാൽ ട്രോമകെയർ സംവിധാനത്തിനും പ്രധാന്യം നൽകുന്നതാണ്. പുതിയ ആശുപത്രി ബ്ലോക്ക്, മെറ്റേണിറ്റി ബ്ലോക്ക് എന്നിവയുടെ നിർമ്മാണവും ആരംഭിക്കും. കളക്ടറേറ്റിൽ യോഗം കൂടി ഈ ആശുപത്രികളിലെ വിഷയങ്ങൾ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാതല, സംസ്ഥാനതല അവലോകനങ്ങളും നടക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ആർദ്രം ആരോഗ്യം വലിയ മാറ്റം ഉണ്ടാക്കും. കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സന്ദർശനങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറേയേറെ വിഷയങ്ങൾ രണ്ടു ദിവസങ്ങളിലായി പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!