ഇന്ന് ലോക തപാൽ ദിനം; ലോകത്തെ ഏറ്റവും വലിയ തപാൽ സംവിധാനമുള്ള രാജ്യമായി ഇന്ത്യ

ഇന്ന് ലോക തപാൽ ദിനം. ഒരുകാലത്ത് ആശയവിനിമയത്തിന്റെ പ്രധാന മാദ്ധ്യമമായിരുന്ന തപാലിനായി ലോകം നീക്കിവെക്കുന്ന ദിനം. 1874-ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്‌ക്കാണ് ലോക തപാൽ ദിനം ആചരിക്കുന്നത്. 1969-ൽ ജപ്പാനിലെ ടോക്യോവിൽ ചേർന്ന അന്താരാഷ്‌ട്ര തപാൽ യൂണിയന്റെ ആഹ്വാന പ്രകാരമാണ് തപാൽ ദിനം ആചരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളും തപാൽ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി ഈ ദിനം ആഘോഷിക്കുന്നു.
ബിസി 27-ാം നൂറ്റാണ്ടിലാണ് ആദ്യമായി ഒരു പൊതു പോസ്റ്റൽ സേവന മാർഗം യാഥാർത്ഥ്യമായത്. റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറാണ് ആദ്യമായി ഇങ്ങനെ ഒരു സംവിധാനത്തിന് തുടക്കമിട്ടത്. ആഗോള തലത്തിൽ 192 രാജ്യങ്ങൾ യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിറ്റിന്റെ കീഴിലുണ്ട്. സ്വിറ്റ്സർലാന്റിലെ ബേണിൽ 22 രാജ്യങ്ങൾ ഒപ്പുവെച്ച ഉടമ്പടി പ്രകാരം രൂപം കൊണ്ട സംഘടനയാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ.
ടോക്കിയോയിൽ വച്ച് നടന്ന ആഗോള പോസ്റ്റൽ യൂണിയൻ കോൺഗ്രസിൽ ഭാരതീയനായ ആനന്ദ് മോഹൻ നരൂലയാണ് പോസ്റ്റൽ ദിനാഘോഷത്തിന്റെ കരടുപ്രതി ആദ്യം അവതരിപ്പിച്ചതും ഈ ആശയം മുന്നോട്ട് വെച്ചതും എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.
പല രാജ്യങ്ങളിലും ഈ ദിവസം പ്രത്യേക സ്റ്റാമ്പ് പ്രദർശനവും പോസ്റ്റൽ സംരംഭങ്ങളുടെ പ്രത്യേക പരിപാടിയും ഉണ്ടാകും. ഇന്ത്യയിൽ ഒരാഴ്ച നീണ്ട പരിപാടിയാണ് ഈ ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഇന്ന് മുതൽ ഒരാഴ്ച കാലം തപാൽ വാരമായും ഒക്ടോബർ 10 ദേശീയ തപാൽ ദിനമായും ഇന്ത്യ ആചരിക്കുന്നു.
മറാഠി ഭാഷയിലെ ‘ഠപ്പാൽ’ എന്ന പദത്തിൽ നിന്നാണ് തപാൽ എന്ന പേരുവന്നത്. ‘സൂക്ഷിക്കുക’ എന്നർഥം വരുന്ന പൊസിറ്റസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ് പോസ്റ്റ് എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്. പാരിസിലാണ് ആദ്യമായി പോസ്റ്റ് ബോക്സ് നിലവിൽ വന്നത്. ഫ്രാൻഷ്വാ ഡി മെലായൻ എന്ന ഫ്രഞ്ചുകാരനാണ് ഈ എഴുത്തുപെട്ടി രൂപകൽപന ചെയ്തത്.
നിറം പച്ചയായിരുന്നു. 1874-ൽ അത് ചുവപ്പാക്കി. ബ്രിട്ടനിലും പോസ്റ്റ് ബോക്സിന്റെ നിറം ചുവപ്പായിരുന്നു. ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലും അവർ ആ നിറം തന്നെ ഉപയോഗിച്ചു. അങ്ങനെ നമ്മുടെ നാട്ടിലെ പോസ്റ്റ് ബോക്സും ചുവപ്പായി. എന്നാൽ തൊട്ടടുത്ത നഗരങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനുള്ള കത്തുകൾ ഇടുന്ന പെട്ടികൾക്ക് നീല നിറമായിരുന്നു ആദ്യകാലങ്ങളിൽ.
മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇവ ആദ്യം സ്ഥാപിച്ചത്. ഐക്യകേരളം രൂപപ്പെടുന്നതിനുമുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലുമുണ്ടായിരുന്ന തപാൽപെട്ടികൾക്ക് പച്ച നിറമായിരുന്നു. അഞ്ചൽപെട്ടികൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
ഇന്ത്യയിലെ പുരാതന പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ പോസ്റ്റ്. ലോകത്ത് തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ലോർഡ് റോബർട്ട് ക്ലൈവിന്റെ കാലത്താണ് ഇന്ന് കാണുന്ന പോസ്റ്റൽ സമ്പ്രദായം നിലവിൽ വന്നത്.
എങ്കിലും വളരെ പുരാതന കാലത്ത് തന്നെ സന്ദേശവാഹകർ മുഖേന കത്തുകൾ കൈമാറിയിരുന്ന ഒരു പൊതുസംവിധാനം നിലവിലുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. അക്ബർ ചക്രവർത്തിയുടെ മുഗൾ ഭരണകാലത്ത് തപാൽ സർവീസുകൾ നിലനിന്നിരുന്നുവെന്ന് ചരിത്രത്തിൽ പരാമർശിക്കുന്നു.
പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും തൊഴിലിലും തപാൽ മേഖലയുടെ സ്വാധീനത്തെയും ആഗോള സാമൂഹിക -സാമ്പത്തിക വികസനത്തിൽ തപാൽ മേഖലയുടെ സംഭാവനകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് തപാൽ വാരാഘോഷത്തിന്റെ ലക്ഷ്യം. ദേശീയ തപാൽ വാരാഘോഷത്തിന്റെ ഓരോ ദിവസവും വകുപ്പ് നൽകുന്ന സേവനങ്ങളിലൊന്ന് ഉയർത്തിക്കാട്ടുന്നതിനായി നീക്കിവച്ചിരിക്കുന്നു.