മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞു; സ്കൂളിലെ തണല്‍ മരത്തിന്റെ ചില്ലകള്‍ മുറിച്ചെന്ന് പരാതി

Share our post

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടിയെന്ന് പരാതി. അതിക്രമിച്ചുകയറി അജ്ഞാതർ മരക്കൊമ്പുകൾ മുറിച്ചെന്നാണ് താവക്കര സ്കൂൾ പ്രധാനധ്യാപകൻ പൊലീസിൽ നൽകിയ പരാതി.

ഇന്നലെയാണ് കണ്ണൂർ താവക്കര ജി.യു.പി സ്കൂളിലെ തണൽ മരത്തിന്റെ കൊമ്പുളെല്ലാം മുറിച്ച് മാറ്റിയത്. കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് പേരാണ് പിന്നിലെന്നാണ് പ്രധാനധ്യാപകന്‍റെ പരാതി. അവധിയായതിനാൽ സ്കൂളിൽ ആരുമുണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താലാണ് കടന്നുകയറി തണൽ മരങ്ങൾ മുറിച്ചത് എന്നാണ് ആക്ഷേപം ഉയരുന്നത്.കണ്ണൂർ പൊലീസ് ക്ലബ് ജംഗ്ഷനിൽ നിന്ന് താവക്കര അടിപ്പാത ഭാഗത്തേക്ക് പോകുന്ന റോഡിലാണ് സർക്കാരിന്‍റെ പരസ്യ ബോർഡ്.

കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ ചിലർ ബോർഡ് മറയുന്നതിനാൽ മരത്തിന്റെ കൊമ്പുകള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോർഡ് പുതിയതല്ലേ, മരം നേരത്തെയുണ്ടല്ലോ. മുറിക്കാനാകില്ലെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുകയും ചെയ്തു. എന്നിട്ടും മുറിച്ചെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!