നൂറിന്റെ നിറവിൽ പയ്യന്നൂരിന്റെ സ്വന്തം പത്മശ്രീ അപ്പുക്കുട്ട പൊതുവാൾ

പയ്യന്നൂർ: ഗാന്ധിമാർഗം ജീവിത ചര്യയാക്കി സാമൂഹിക, സാംസ്കാരിക മണ്ഡലത്തിൽ സജീവമായ പയ്യന്നൂരിന്റെ പത്മശ്രീ വി.പി. അപ്പുക്കുട്ട പൊതുവാൾ നൂറിന്റെ നിറവിൽ. ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച് പൊതുരംഗത്ത് സജീവമായ അപ്പുക്കുട്ട പൊതുവാൾ ഞായറാഴ്ചയും പൊതുപരിപാടിയിൽ പങ്കെടുത്തു. തിങ്കളാഴ്ചയാണ് ജന്മദിനം. എന്നാൽ കന്നിമാസത്തിലെ അത്തം നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് കൊല്ല വർഷ പ്രകാരം 14 നാണ് പിറന്നാൾ.
ഖാദി പ്രചാരണം, സർവോദയമണ്ഡലം -മദ്യനിരോധന സമിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലയിൽ സജീവമാണ് ഈ സ്വാതന്ത്ര്യ സമര സേനാനി. മതേതരത്വത്തിലാണ് ഇന്ത്യയുടെ നിലനിൽപ്പെന്ന് വിശ്വസിക്കുന്ന ഇദ്ദേഹത്തിന് എന്നും ഇന്ധനം ഗാന്ധിയും ഗീതയുമാണ്. 1934 ജനുവരി 12ലെ ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനമാണ് ഈ വിപ്ലവകാരിയുടെ മനസ്സിൽ ദേശ സ്നേഹത്തിന്റെ ഊർജം വിതച്ചത്. സ്വാമി ആനന്ദതീർഥർ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം സന്ദർശിക്കാനായിരുന്നു ഗാന്ധിജി അന്ന് എത്തിയത്.
അമ്മാവനും സ്വാതന്ത്ര്യ സമരസേനാനിയുമായ വി.പി. ശ്രീകണ്ഠപൊതുവാളാണ് ദേശീയ പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ഉപ്പുസത്യഗ്രഹ ജാഥയും ജവഹർലാൽ നെഹറുവിന്റെ അധ്യക്ഷതയിൽ നടന്ന നാലാം സംസ്ഥാന കോൺഗ്രസ് സമ്മേളനവും അപ്പുക്കുട്ടൻ എന്ന ബാലന്റെ മനസ്സിൽ പോരാട്ടത്തിന്റെ വിത്തിട്ടിരുന്നു. 1942ൽ വി.പി. ശ്രീകണ്ഠ പൊതുവാളിന്റെ അറസ്റ്റോടെ സമരരംഗത്ത് സജീവമായി.
വിദ്യാർഥികളെ സംഘടിപ്പിക്കാനായിരുന്നു നിയോഗം.1943ൽ ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്ത് കണ്ണൂർ ജയിലിലടച്ചു. 1944ൽ അഖില ഭാരതീയ ചർക്ക സംഘത്തിൽ ചേർന്നു. തുടർന്നാണ് പ്രവർത്തനമേഖല ഖാദി പ്രചാരണത്തിലേക്ക് മാറ്റിയത്.
1947 മുതൽ മദിരാശി സർക്കാരിന്റെ കീഴിൽ പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ മുഖ്യചുമതലക്കാരനായി. 1962 മുതൽ ഖാദി ഗ്രാമോദ്യോഗ കമീഷൻ സീനിയർ ഓഡിറ്ററായി. ഈ സന്ദർഭത്തിൽ ജയപ്രകാശ് നാരായണനും വിനോഭ ഭാവയ്ക്കുമൊപ്പം ഭൂദാനപ്രസ്ഥാനത്തിൽ സജീവമായി. രാഷ്ട്രം കഴിഞ്ഞ വർഷം പത്മശ്രീ നൽകി ആദരിച്ചു. പുറമെ നിരവധി പുരസ്കാരങ്ങളും അപ്പുക്കുട്ട പൊതുവാളിനെ തേടിയെത്തി.
പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്ദ ബിരുദധാരിയായ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്മികത, ഭഗവത് ഗീത ആത്മവികസത്തിന്റെ ശാസ്ത്രം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഭാര്യ ഭാരതിയമ്മയോടും മക്കളോടുമൊപ്പം പയ്യന്നൂർ തായിനേരിയിൽ ബൈപ്പാസ് റോഡിലാണ് താമസം.