പെട്രോൾ പമ്പിൽ ചോർച്ചയില്ല; കിണർ വെള്ളം മലിനമായതിനെതിരേ നഗരസഭയെ സമീപിക്കണം

കണ്ണൂർ: എച്ചൂരിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സി.ആർ. ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിൽ നിന്നുള്ള ചോർച്ച കാരണം കിണർവെള്ളം മലിനമായെന്ന പരാതി തെളിവുകളുടെ അഭാവത്തിൽ മനുഷ്യാവകാശ കമ്മിഷൻ തള്ളി. കമ്മിഷൻ നേരിട്ട് രൂപവത്കരിച്ച വിദഗ്‌ധരുടെ പഠന റിപ്പോർട്ട് പരിശോധനാവിധേയമാക്കിയ ശേഷമാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് പരാതി തള്ളിയത്.
കിണർ വെള്ളത്തിൽ പെട്രോളിയം ഉത്‌പന്നങ്ങളുടെ ദുർഗന്ധം തുടരുകയാണെങ്കിൽ പരാതിക്കാരൻ കണ്ണൂർ നഗരസഭയെ സമീപിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന്റെ വീടിന് സമീപമുള്ള നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം വൃത്തിയാക്കാനും തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഇരു ചക്രവാഹനങ്ങളുടെ വർക്ക്‌ഷോപ്പിൽ നിന്നുള്ള മലിനീകരണം തടയാനും നടപടിയെടുക്കണം.
കമ്മിഷൻ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും റിപ്പോർട്ട് വാങ്ങി. കിണർ വെള്ളത്തിന്റെ ദുർഗന്ധത്തിനുള്ള യഥാർഥ കാരണം വ്യക്തമായ തെളിവുകളോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബോർഡ് അറിയിച്ചു. ഭാരത് പെട്രോളിയവും ആരോപണം നിഷേധിച്ചു. തുടർന്ന് കണ്ണൂർ സ്വദേശിയായ പി.രാഘവൻ, എറണാകുളം സ്വദേശിയായ സി.വൈ.അനിൽകുമാർ എന്നീ എൻജിനിയറിങ് വിദഗ്ധരെ അംഗങ്ങളാക്കി കമ്മിഷൻ സമിതി രൂപവത്കരിച്ചു.
പെട്രോൾ ടാങ്കുകളിൽ ചോർച്ചയില്ലെന്ന് സമിതി കണ്ടെത്തി. എന്നാൽ, പമ്പിലെ വിൽപ്പന കേന്ദ്രത്തിൽ നിന്നുള്ള ചോർച്ച ചിലപ്പോൾ മലിനീകരണത്തിന് കാരണമാകാമെന്ന് റിപ്പോർട്ടിലുണ്ട്. ഇപ്പോൾ ചോർച്ച പൂർണമായും പരിഹരിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ പെട്രോൾപമ്പിനെ കുറ്റപ്പെടുത്താനാവില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. എച്ചൂർ ശ്രീരംഗത്തിൽ എമിൽ അശോക് സമർപ്പിച്ച പരാതിയാണ് തീർപ്പാക്കിയത്.