വര്‍ണ്ണ തരംഗം ചിത്ര-ശില്പ രചന ക്യാമ്പ് ഞായറാഴ്ച തുടങ്ങും

മട്ടന്നൂര്‍: നിയോജക മണ്ഡലം തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശിവപുരം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന വര്‍ണ്ണ തരംഗം ചിത്ര-ശില്പ രചന ക്യാമ്പ് ഒക്ടോബര്‍ എട്ട് ഞായറാഴ്ച രാവിലെ 10.30ന് പ്രശസ്ത ചിത്രകാരനും, ചരിത്രകാരനുമായ കെ. കെ മാരാര്‍ ഉദ്ഘാടനം ചെയ്യും.
കെ. കെ ശൈലജ ടീച്ചര്‍ എം. എല്‍. എ അധ്യക്ഷത വഹിക്കും. ലളിതകലാ അക്കാദമി അംഗവും പ്രശസ്ത ശില്പിയുമായ ഉണ്ണി കാനായി മുഖ്യ അതിഥിയാകും.
ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളിലാണ് ക്യാമ്പ് നടക്കുക. മണ്ഡലത്തിലെ എല്‍. പി, യു. പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുള്ള നൂറ്റമ്പതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
കലോത്സവങ്ങളിലും പ്രവര്‍ത്തിപരിചയ മേളകളില്‍ മത്സര ഇനമായുള്ള കലാ മേഖലകള്‍ക്ക് പ്രാമുഖ്യം നൽകിയും സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വിവിധ പരിശീലങ്ങളിലൂടെ പ്രഗത്ഭരായ ചിത്രകാരന്മാരും ശില്പികളും ക്യാമ്പ് നയിക്കും.