പഴശ്ശിയുടെ വിപ്ലവങ്ങള്‍ നടന്ന മണ്ണ്; കുങ്കിച്ചിറയുടെ തീരത്ത് പൈതൃകമ്യൂസിയം മിഴിതുറക്കുന്നു

മലബാറിലെ ഏറ്റവുംവലിയ ജൈവ-സാംസ്കാരിക പൈതൃക മ്യൂസിയം വയനാട് കുങ്കിച്ചിറയിൽ ഞായറാഴ്ച നാടിന് സമർപ്പിക്കും. തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞോത്ത് കുങ്കിച്ചിറയുടെ തീരത്തായാണ് മ്യൂസിയം.
ഏറെനാളുകളായുള്ള കാത്തിരിപ്പിനുശേഷമാണ് വയനാടൻ ചരിത്രപൈതൃകങ്ങളുടെ സാക്ഷ്യമായ മ്യൂസിയം തുറക്കുന്നത്. നാലേമുക്കാൽ കോടി രൂപ ചെലവിലാണ് ഇവിടെ പ്രദർശനമ്യൂസിയം ആസൂത്രണം ചെയ്തത്. മ്യൂസിയം വകുപ്പിനുകീഴിൽ ഹിന്ദുസ്ഥാൻ പ്രീ ഫാബ് ഏജൻസിയാണ് അഞ്ചുകോടി രൂപ ചെലവിൽ കെട്ടിടംപണി പൂർത്തിയാക്കിയത്. കെട്ടിടത്തിനുമുന്നിലുള്ള ചിറയുടെ സംരക്ഷണ പ്രവൃത്തികൾ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് ഏറ്റെടുത്തത്. മൂസിയം വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ മുൻകൈയെടുത്താണ് കുങ്കിച്ചിറ പൈതൃക മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ജനതയുടെ സംസ്‌കൃതിയിലൂടെയുള്ള യാത്രയാണ് മ്യൂസിയത്തില്‍ സന്നിവേശിപ്പിക്കുക. പൈതൃകമ്യൂസിയം എന്ന പതിവുരീതികളില്‍നിന്ന് ഉയര്‍ന്ന്, വയനാടിന്റെ ജൈവവൈവിധ്യങ്ങളെ നേരിട്ടറിയാനുള്ള വിധത്തിലാണ് കുങ്കിച്ചിറ മ്യൂസിയം. മൂന്നുസോണുകളിലായി 15 പവിലിയനുകളാണുള്ളത്. ഇതുകൂടാതെ വയനാടന്‍ ഗോത്രജീവിത ചാരുതകളെ അടയാളപ്പെടുത്തുന്ന രണ്ട് ഗോത്രവീടുകളും ഒരുക്കിയിട്ടുണ്ട്.
ഗോത്രപൈതൃകങ്ങളുടെ രണ്ടാമത്തെ സോണില്‍ വയനാട്ടിലെ വിവിധ ഗോത്രജനതയുടെ ജനനംമുതല്‍ മരണംവരെയുള്ള ജീവിതചര്യകളും ആചാരാനുഷ്ഠാനങ്ങളും കണ്ടറിയാം. ‘പ്രകൃതിയുടെ താളം’ എന്ന ഉള്ളടക്കത്തില്‍ തയ്യാറാക്കിയിട്ടുള്ള മൂന്നാമത്തെ സോണില്‍ വയനാട്ടിലെ ഊരുകളും അവയുടെ നിലനില്‍പ്പും, ഉപജീവനം, വംശീയവൈദ്യം എന്നിവയെല്ലാം പ്രതിപാദിക്കുന്നു. മ്യൂസിയം വകുപ്പിനുകീഴിലെ മലബാറിലെ ഏറ്റവുംവലിയ കേന്ദ്രമാണിത്. ഒമ്പതേക്കറോളം സ്ഥലത്താണ് മൂസിയവും ചിറയുമടക്കമുള്ള കേന്ദ്രമുള്ളത്.
തൊണ്ടര്‍നാട് ഉണരും
വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കുറവായ തൊണ്ടര്‍നാടിന് കുങ്കിച്ചിറ പൈതൃകമ്യൂസിയം ഉണര്‍വാകും. കുങ്കിച്ചിറയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ എട്ടുനൂറ്റാണ്ട് പിന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രദേശത്തെ നാടുവാഴിയുടെ മകളായ കൊടുമല കുങ്കിയാണ് ഇവിടെ ഈ കുളം നിര്‍മിച്ചതെന്നാണ് പറഞ്ഞുപഴകിയ കഥ. ഇതിന്റെ തീരത്തായി ഒരു കോട്ടയും കുങ്കി പണികഴിപ്പിരുന്നു. സന്ധ്യാസമയത്ത് ഈ കുളത്തിനുനടുവിലുള്ള ദീപസ്തംഭത്തില്‍ കുങ്കി വിളക്ക് കൊളുത്തുന്നതായും വാമൊഴിയിലുണ്ട്.
പഴശ്ശിരാജാവ് ഇംഗ്ലീഷ് സൈന്യത്തിനുനേരെ പടനീക്കങ്ങള്‍ ഒരുക്കിയ സ്ഥലവും കുങ്കിച്ചിറയുടെ പരിസരത്താണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഇംഗ്ലീഷ് സൈന്യംപോലും മനസ്സിലാക്കിയിരുന്നു. പഴശ്ശി വിപ്ലവങ്ങള്‍ക്ക് പടനീക്കങ്ങള്‍ നടന്ന പ്രധാനകേന്ദ്രവും ഇതുതന്നെയാണ്. കുങ്കിച്ചിറയുടെ രണ്ടു മലകള്‍ക്ക് അപ്പുറത്തായി പഴശ്ശിയെ ഇംഗ്ലീഷ് സൈന്യത്തിന് ഒറ്റുകൊടുത്ത ‘ഒറ്റുപാറ’ ഇന്നും കാടുമൂടിനില്‍ക്കുന്നു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനംചെയ്യും
കുങ്കിച്ചിറ മ്യൂസിയം ഞായറാഴ്ച രാവിലെ 10-ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനംചെയ്യും. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി മുഖ്യാതിഥിയായിരിക്കും. എം.എല്‍.എ.മാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.