പണയമായി വ്യാജ സ്വർണം; ഒരാൾകൂടി അറസ്റ്റിൽ

തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജസ്വർണം പണയംവച്ച് തട്ടിപ്പുനടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ചെറുകുന്ന് മുട്ടിൽ താവം നാസിഹ മൻസിൽ പി.നദീറിനെ (29) ആണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിലാണ് തട്ടിപ്പ് പുറത്തുവന്നത്.
തൃക്കരിപ്പുർ സ്വദേശി തലയില്ലത്ത് ജാഫർ ഉൾപ്പെടെ 3 പേരെ നേരത്തേ അറസ്റ്റ് ചെയ്തു. ജാഫറിന്റെ സുഹൃത്താണ് നദീർ. ഈയ ലോക്കറ്റുകളിൽ സ്വർണം പൂശിയാണ് 2020 നവംബർ മുതൽ തട്ടിപ്പുനടത്തിയത്. 2.73 കിലോഗ്രാം പണയംവച്ച് 72.70 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ആഭരണങ്ങൾ തിരിച്ചെടുക്കാതെ വന്നതോടെ ലേലത്തിൽ വിൽക്കാനായി പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ആഭരണങ്ങൾ പണയം വച്ചത്. സ്ത്രീകൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തിരുന്നു. എ.എസ്ഐ ഷാജൻ, സീനിയർ സി.പി.ഒ അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.