സിമന്റില്ലാതെ കോൺക്രീറ്റ്; കോഴിക്കോട് എൻ.ഐ.ടിയിലെ കണ്ടെത്തലിനു പേറ്റന്റ്

കണ്ണൂർ : കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ഗവേഷക സംഘം വികസിപ്പിച്ചെടുത്ത, വ്യവസായ മാലിന്യം ഉപയോഗിച്ചുള്ള ജിയോപോളിമർ കോൺക്രീറ്റ് കട്ടകളുടെ നിർമാണ രീതിക്ക് പേറ്റന്റ്.
കെട്ടിട നിർമാണച്ചെലവ് 12 ശതമാനത്തോളം കുറയ്ക്കുന്നതാണ് ഈ രീതിയെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു. കണ്ണൂർ മാതമംഗലം സ്വദേശിനി പി.ശരണ്യയുടെ സിവിൽ എൻജിനീയറിങ് പി.എച്ച്ഡിയുടെ ഭാഗമായാണ് ജിയോപോളിമർ ബ്ലോക്കുകൾ തയാറാക്കിയത്. എൻ.ഐ.ടി സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഡോ. പ്രവീൺ നാഗരാജൻ, ഡോ.എ.പി.ശശികല എന്നിവരായിരുന്നു ഗൈഡ്.
സ്റ്റീൽ പ്ലാന്റുകളിൽനിന്നുള്ള ഗ്രൗണ്ട് ഗ്രാനുലേറ്റഡ് ബ്ലാസ്റ്റ് ഫർണസ് സ്‌ലാഗ് (ജിജിബിഎസ്), ക്രഷറുകളിൽ നിന്നുമുള്ള ഡോളമൈറ്റ് എന്നിവയാണ് പ്രധാന ഘടകങ്ങൾ. സിമന്റ് വേണ്ട, വേഗത്തിൽ സെറ്റാകും, കൂടുതൽ ഉറപ്പ് തുടങ്ങിയവയാണ് മേന്മകൾ. നനയ്ക്കുകയും വേണ്ട.
ആസിഡ്, സൾഫേറ്റ്, കടൽവെള്ളം എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും കടലിലെ നിർമാണത്തിനു പോലും ഉപയോഗിക്കാൻ കഴിയുമെന്നും ഗവേഷകർ അവകാശപ്പെട്ടു. വിവിധ സാഹചര്യങ്ങളിൽ ആറു മാസത്തിലേറെ പരിശോധിച്ച ശേഷമാണ് പേറ്റന്റിന് അപേക്ഷിച്ചത്. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണെന്ന്, ഇപ്പോൾ ചെന്നൈ ഐ.ഐ.ടിയിൽ പ്രോജക്ട് സയന്റിസ്റ്റായ ശരണ്യ പറഞ്ഞു.