കുട്ടികൾക്കും ആധാർ വേണം; പ്രായപരിധി എത്ര?

രാജ്യത്തെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്. തൊഴിൽ അപേക്ഷകളും ബാങ്ക് വായ്പകളും മുതൽ മൊബൈൽ നമ്പർ രജിസ്ട്രേഷനും പ്രൊവിഡന്റ് ഫണ്ട് വിതരണവും നടത്തണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് നൽകണം.
ആധാർ കാർഡ് ലഭിക്കുന്നതിന് പ്രായ പരിധിയുണ്ടോ ? കുട്ടികൾക്ക് ഏത് പ്രായത്തിൽ ആധാർ കാർഡ് ലഭിക്കും ?
ഉത്തരം ലളിതമാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് അനുസരിച്ച് ആധാർ കാർഡ് ലഭിക്കുന്നതിന് പ്രായ പരിധി ഇല്ല. അതായത് കുഞ്ഞുങ്ങൾക്ക് വരെ ആധാർ എടുക്കാം. കുട്ടികളെ സ്കൂളിൽ ചേർക്കുന്ന സമയങ്ങളിലും ഒപ്പം സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ആധാർ കാർഡ് ഉണ്ടാകുന്നത് നല്ലതാണ്. അതിനാൽ തന്നെ നവജാത ശിശുവിന് വരെ ആധാർ കാർഡ് എടുക്കാവുന്നതാണ് എന്ന് യു.ഐ.ഡി.എ.ഐ പറയുന്നു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായാണ് ആധാർ കാർഡ് നൽകുന്നത്. ആധാർ ലഭിക്കുന്നതിനായി അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം. അല്ലെങ്കിൽ ഓൺലൈൻ ആയി ആധാർ എൻറോൾ ചെയ്യാം. എന്നാൽ മുതിർന്ന വ്യക്തികൾക്ക് ഓൺലൈൻ ആയി ആധാർ എൻറോൾ ചെയ്യാൻ സാധിക്കില്ല. ഇതിന്റെ കാരണം ചെറിയ കുട്ടികൾക്ക് വിരലടയാളങ്ങളോ റെറ്റിന സ്‌കാനുകളോ ആവശ്യമില്ല എന്നതാണ്.
പകരം അവരുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. എന്നാൽ മുതിർന്ന വ്യക്തികൾക്ക് വിരലടയാളങ്ങളും റെറ്റിന സ്‌കാനുകളും ആവശ്യമുള്ളതിനാൽ തന്നെ ആധാർ കേന്ദ്രങ്ങളിൽ എത്തേണ്ടതുണ്ട്. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ, ആശുപത്രിയുടെ ഡിസ്ചാർജ് സർട്ടിഫിക്കറ്റോ സ്കൂളിന്റെ ഐഡി കാർഡോ ഉപയോഗിക്കാം. കൂടാതെ, മാതാപിതാക്കളിൽ ഒരാൾക്ക് ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള സാധുതയുള്ള ഒരു തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം
അഞ്ച് വയസിന് മുൻപാണ് കുട്ടിക്ക് ആധാർ എടുത്തതെങ്കിൽ അഞ്ച് വയസ് കഴിഞ്ഞാൽ ഇത് പുതുക്കേണ്ട ആവശ്യകതയുണ്ട്. അതിൽ സാധാരണ ബയോമെട്രിക് നടപടി ക്രമങ്ങൾ ഉൾപ്പെടും. ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ എത്തേണ്ടതുണ്ട്.