സൈബർ തട്ടിപ്പുകൾ തടയാൻ പോലീസിന് എ.ഐ ടൂൾകിറ്റ്

തിരുവനന്തപുരം: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് — എഐ) ഉപയോഗപ്പെടുത്തി നട ത്തുന്ന സൈബർ തട്ടിപ്പുകൾ തടയാൻ, എ.ഐ വിഡിയോയുടെയും ചിത്രത്തിന്റെയും വസ്തുതയും ഉറവിടവും കണ്ടെത്താനുള്ള സാങ്കേതിക വിദ്യ കേരള പൊലീസ് വാങ്ങും. ഹൈദരാബാദിലെ സി- ഡാകാണ് ഈ സോഫ്റ്റ് വെയർ വികസിപ്പിച്ചത്.
സൈബർ ഓപ്പറേഷൻസ് എസ്പി. എസ് ഹരിശങ്കറാണ് ഇക്കാര്യം അറിയിച്ചത്.സുഹൃത്തിന്റെ മുഖവും ശബ്ദവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സൃഷ്ടിച്ചാണു കോഴിക്കോട്ട് തട്ടിപ്പു നടന്നത്. ‘ഡീപ് ഫെയ്ക് ടെക്നോളജി’ ഉപയോഗിച്ച് ഇതുപോലെ യഥാർഥ വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കി പണം തട്ടുന്ന രീതി രാജ്യത്ത് വർധിച്ചുവരികയാണെന്നതിനാലണ് പൊലീസ് ഉടൻ തന്നെ സാങ്കേതികവിദ്യ വാങ്ങാൻ തീരുമാനിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായ ത്തോടെ അശ്ലീല ചിത്രങ്ങൾ നിർമിച്ചു പണം തട്ടുന്നതും പതിവാണ്. തട്ടിപ്പു സംഘങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങളും ഇ മെയിലുകളും ലിങ്കുകളും മൊബൈലിലേക്കു വരുമ്പോൾ തന്നെ സൂക്ഷിക്കേണ്ടതാണെന്നു മുന്നറിയിപ്പ് നൽകി ജാഗ്രതാ നിർദേശം നൽകുന്ന പുതിയ രീതിയാണ് പൊലീസിന്റെ ആലോചനയിലുള്ളത്.
ഇ മെയിലും ലിങ്കും മൊബൈലിലേക്കു വരുമ്പോൾ തന്നെ ഈ അലെർട്ടും ഇതിനൊപ്പം ലഭിക്കുന്ന രീതിയാണു തയാറാക്കുന്നത്. സൈബർ പൊലീസിന്റെ അംഗബലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 300 പേരുടെ പരിശീലനം പൂർത്തിയായി. അടുത്തയാഴ്ച 300 പേർക്കു കൂടി പരിശീലനം പൂർത്തിയാകും.