തലശേരി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

തലശേരി : തലശേരി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ആക്ടീവ സ്‌കൂട്ടര്‍ കവര്‍ന്ന കേസിലെ പ്രതിയെ തലശേരി ടൗണ്‍ പൊലിസ് വടകര സബ്ജയിലില്‍ നിന്നും അറസ്റ്റു ചെയ്തു. വയനാട് ബത്തേരി സ്വദേശിയായ മുഹമ്മദ് ഷമീറിനെയാണ് തലശേരി എസ്. ഐ രൂപേഷും സംഘവും അറസ്റ്റു ചെയ്തത്.
കഴിഞ്ഞമെയ് 29-ന് രാത്രിയാണ് തലശേരി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ഇയാള്‍ കവര്‍ന്നത്. സി.സി.ടി.വി ക്യാമറയില്‍ നിന്നാണ് പ്രതിയെതിരിച്ചറിഞ്ഞത്. ഇതിനു ശേഷം മറ്റൊരു മോഷണ കേസില്‍ ഷമീര്‍ വടകര പൊലിസിന്റെ പിടിയിലായിരുന്നു.
ഈ കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് തലശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ മോഷണത്തെ കുറിച്ചുളള കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസ് മലപ്പുറം കൊണ്ടോട്ടിയില്‍ ഇയാള്‍ വിറ്റ ആക്ടീവ സ്‌കൂട്ടര്‍ കണ്ടെടുത്തു തലശേരി ടൗണ്‍ സ്‌റ്റേഷനിലെത്തിച്ചു.