മരിച്ചെന്നു കരുതിയ ബിഹാർ സ്വദേശിക്ക് പുനർജന്മം! രണ്ടു ദിവസത്തിനിടെ രണ്ടു ജീവൻ രക്ഷിച്ച് കണ്ണൂർ ജില്ലാ ആശുപത്രി കാത്‌ലാബ്

കണ്ണൂർ : രണ്ടു ദിവസത്തിനിടെ പ്രൈമറി ആൻജിയോപ്ലാസ്റ്റിയിലൂടെ രണ്ടു ജീവനുകൾ രക്ഷിച്ച് ജില്ലാ ആശുപത്രി കാത്‌ലാബ്. ദേശീയപാത നിർമാണ ജോലിക്കായി കണ്ണൂരിൽ എത്തിയ ബിഹാർ സ്വദേശിയായ 38 വയസ്സുകാരന്റെയും കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന 45 വയസ്സുകാരന്റെയും ജീവനാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.
കൃത്യസമയത്ത് സി.പി.ആർ നൽകാൻ സാധിച്ചതും കാഷ്വൽറ്റി മുതലുള്ള ആശുപത്രി ജീവനക്കാരുടെ കൂട്ടായ ശ്രമവും തുണയായി.എടക്കാട് ഭാഗത്ത് ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ഇന്നലെ പതിനൊന്നു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഹാർ സ്വദേശിയെ പന്ത്രണ്ടോടെ സഹപ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഹൃദയമിടിപ്പ് നിലച്ച സ്ഥിതിയായിരുന്നു. കാഷ്വൽറ്റി വിഭാഗത്തിലെ ബെഡിൽ കിടത്തുമ്പോൾ രോഗിക്ക് അനക്കമുണ്ടായിരുന്നില്ല.
കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. അജ്മൽ, എമർജൻസി മെഡിസിനിൽ പി.ജി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ ഡോ. മധുരഗീത എന്നിവരും സീനിയർ നഴ്സിങ് ഓഫിസർ എസ്.ബിന്ദുവും ചേർന്ന് രോഗിയെ കാത്‌ലാബിൽ എത്തിച്ചു. കാഷ്വൽറ്റിയിൽ നിന്ന് ബെഡ് ഉൾപ്പെടെ രണ്ടാം നിലയിലെ കാത്‌ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ഡോ. മധുരഗീത സി.പി.ആർ നൽകിക്കൊണ്ടിരുന്നു.
കൃത്രിമ ശ്വാസോച്ഛ്വാസം നൽകി നഴ്സിങ് ഓഫിസർ ബിന്ദുവും ഹൃദയമിടിപ്പ് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു. സി.സി.യുവിൽ എത്തിയ ഉടൻ ഡോ. കെ.രാഗേഷ് ആർട്ടീരിയൽ കത്തീറ്റർ സ്ഥാപിച്ചു. കാത്ത് ലാബിൽ ഡോ. നവനീത് മറ്റൊരു രോഗിയുടെ ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.
സ്ഥിതി അതീവ ഗുരുതരമായതിനാൽ ബിഹാർ സ്വദേശിക്ക് ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തു. ശരവേഗത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ കാർഡിയോളജി വിഭാഗം ജീവനക്കാരെല്ലാം അതിവേഗം സൗകര്യങ്ങളൊരുക്കി കൂടെ നിന്നു. കാഷ്വൽറ്റി മുതൽ കാർഡിയോളജി വിഭാഗം വരെയുള്ള എല്ലാവരും ഒരേ മനസ്സോടെ നിന്നതാണ് മരിച്ചെന്നു കരുതിയ യുവാവിന്റെ ജീവൻ തിരിച്ചുകിട്ടാൻ സഹായിച്ചത്.
നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിൽ നിന്ന് എത്തിച്ച 45 വയസ്സുള്ള തടവുകാരന്റെ സ്ഥിതിയും സമാനമായ സ്ഥിതിയായിരുന്നു. കാഷ്വൽറ്റി വിഭാഗത്തിനു സമീപം എത്തുമ്പോഴേക്കും ഹൃദയസ്തംഭനം കാരണം കുഴഞ്ഞുവീണ തടവുകാരനു തുടരെ സി.പി.ആർ നൽകി കാത്ത് ലാബിൽ എത്തിച്ചത് ഒപ്പം വന്നിരുന്ന രണ്ട് ജയിൽ ജീവനക്കാരായിരുന്നു.